ഭോപ്പാൽ: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ നടുറോഡിൽ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിർദേശ പ്രകാരമാണ് നടപടി.

മൗഗഞ്ച് പ്രദേശത്തെ ധേരയിലെ 24കാരനായ പങ്കജ് ത്രിപാഠിയാണ് യുവതിയെ ആക്രമിച്ചത്. ഉടൻ വിവാഹം കഴിക്കണമെന്ന് യുവതിയോട് പങ്കജ് ആവശ്യപ്പെട്ടെങ്കിലും യുവതി എതിർത്തു. ഇതോടെയായിരുന്നു ക്രൂര മർദനം. ബോധം നഷ്ടപ്പെടുന്നത് വരെ മർദനം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഒളിവിൽ പോയ പങ്കജിനെ ഉത്തർപ്രദേശിലെ മിർസാപൂരിൽനിന്ന് ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്. പിന്നാലെ നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീട് ഇടിച്ചു നിരത്തുകയും ഡ്രൈവറായ യുവാവിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

മർദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. മൊബൈലിൽ മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മർദനത്തിനിരയായ യുവതിയും പ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും ഇവർ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് യുവതിയെ മർദിക്കുകയായിരുന്നെന്നും പൊലീസ് സബ് ഡിവിഷനൽ ഓഫിസർ നവീൻ ദുബെ പറഞ്ഞു.