ലക്നൗ: ഉത്തർപ്രദേശിൽ യുവതി ഭർത്താവിനെ കൊലപ്പെടുത്തി ശരീരം അഞ്ച് കഷണങ്ങളാക്കി കനാലിൽ എറിഞ്ഞു.ഞായറാഴ്ച രാത്രി പിലിഭിത്തിൽ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗജ്റൗള മേഖലയിലെ ശിവനഗർ സ്വദേശി രാം പാൽ(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ദുലാരോ ദേവി അറസ്റ്റിലായി.ദുലാരോ ദേവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

മകൻ സൺ പാലാണ് പിതാവ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഭർത്താവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇവർ കുറ്റസമ്മതം നടത്തി. ശരീരഭാഗം സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞതായും യുവതി പൊലീസിനോട് പറഞ്ഞു. രാംപാലിന്റെ രക്തംപുരണ്ട വസ്ത്രങ്ങൾ പൊലീസ് കണ്ടെത്തി. കനാലിൽ നിന്നും ശരീരഭാഗങ്ങൾ വീണ്ടെടുക്കാൻ മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്.പൊലീസ് അന്വേഷണം തുടരുകയാണ്.