ചെന്നൈ: തെങ്കാശിയിൽ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഇന്ന് പുലർച്ചെയാണ് സംഭവം. തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതയിൽ സിങ്കംപട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. കാറിൽ സഞ്ചരിച്ചിരുന്ന ആറംഗ സംഘമാണ് മരിച്ചത്. മരിച്ചവർ തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്.

വളവിൽ വെച്ച് കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ലോറിയുടെ അടിയിലേക്ക് പോയി. ആറുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോർട്ടുകൾ. കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം ഇവർക്ക് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഇന്നലെ രാത്രിയാണ് ഇവർ കുറ്റാലത്ത് എത്തിയത്. പുലർച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.