അടൂർ: കെഎസ്ഇബി ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും മർദിക്കുകയും ചെയ്ത കേസിലെ പ്രതി ഏഴകുളം തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി സ്വാധീനമുള്ളയാളാണെന്നും മുൻപും ക്രിമിനൽ കേസിൽ പ്രതിയാണെന്നും റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കം നടന്നു വരികയാണെന്നുമുള്ള പൊലീസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ 25 ന് വൈകിട്ട് ആറരയോടെയാണ് ഏഴംകുളം സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർ ബിയാന്തോസ് നാഥ് മേനോൻ, ലൈന്മാൻ രാമചന്ദ്രൻ എന്നിവരെ അജി ഫിലിപ്പ് മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വൈദ്യുതി മുടങ്ങിയത് പരിശോധിക്കാൻ പറക്കോട് എൻ എസ് യു പി എസ് സ്‌കൂളിന് സമീപം ജോലി ചെയ്യുമ്പോഴാണ് അജി എത്തിയത്. അജി ഫിലിപ്പ് നടത്തുന്ന കേബിൾ നെറ്റ് വർക്കിലെ കേബിൾ പോസ്റ്റിൽ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തമാണ് ഇവരെ ഉപദ്രവിച്ചത്. മർദനമേറ്റവർ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ വിവരം അറിയിച്ചില്ലെങ്കിലും സിപിഎം ജില്ലാ നേതാവിന്റെ നിർദേശ പ്രകാരം എസ്എച്ച്ഓ അടക്കമുള്ളവർ കേസെടുക്കാനോ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ല.

വിവരം അടൂർ ഡിവൈ.എസ്‌പി ആർ. ജയരാജ് അറിഞ്ഞപ്പോഴാണ് കേസെടുക്കാനുള്ള നിർദ്ദേശം വന്നത്. കേസെടുത്തുവെന്ന് മനസിലായതോടെ തന്നെ കെഎസ്ഇബി ജീവനക്കാരാണ് മർദിച്ചത് എന്ന് ആരോപിച്ച് അജി ചായലോട് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസ തേടി. അറസ്റ്റുണ്ടാകുമെന്ന് വന്നതോടെ ഇയാൾ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഐസിയുവിൽ ചികിൽസയിലായി. ആശുപത്രി വാസത്തിന്റെ മറവിൽ മുൻകൂർ ജാമ്യത്തിന് അജി ശ്രമിക്കുകയാണെന്ന് മനസിലാക്കിയ പൊലീസ് പിന്നീട് നടത്തിയത് ചടുല നീക്കമായിരുന്നു. അജിയെ ആശുപത്രിയിൽ എത്തി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. ഇയാൾക്ക് പറയത്തക്ക രോഗമൊന്നുമില്ലെന്ന് ചികിൽസിക്കുന്ന ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു. കോടതി റിമാൻഡ് ചെയ്തതോടെ അജിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തടവുകാർക്കുള്ള സെല്ലിലേക്ക് മാറ്റി.

ജാമ്യാപേക്ഷ കൂടി തള്ളിയതോടെ ഇയാളെ ഇന്നലെ പൂജപ്പുര ജയിലിലേക്ക് മാറ്റി. കെഎസ്ഇബി ജീവനക്കാർ തന്നെയാണ് മർദിച്ചതെന്ന അജി ഫിലിപ്പിന്റെ വാദവും സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊളിഞ്ഞു. മുൻപ് ബിഎസ്എൻഎൽ കേബിൾ മുറിച്ചു കടത്തിയതിനും സർക്കാർ ഭൂമിയിലെ തടി വെട്ടിക്കടത്തിയതിനും അജി അറസ്റ്റിലായിട്ടുണ്ട്.

ബിഎസ്എൻഎൽ കേബിളും സർക്കാർ ഭൂമിയിലെ തടിയും മുറിച്ചു കടത്തിയ കേസിൽ സിപിഎം ജില്ലാ നേതാവിന്റെ നിർദേശ പ്രകാരം അജിയെ അടൂർ എസ്എച്ച്ഓ അടക്കമുള്ളവർ സംരക്ഷിച്ചിരുന്നു. ഇയാൾക്ക് മുൻകൂർ ജാമ്യം നേടാൻ പൊലീസ് വഴി വിട്ടു സഹായിച്ചു. എന്നാൽ, സുപ്രീം കോടതി വരെ പോയിട്ടും ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിൽ സഹായം തേടി സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ വീടിന് സമീപം ചെന്നപ്പോൾ പൊലീസ് പിന്തുടരുകയും അടൂർ ടൗണിലൂടെ ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു.

മരം മുറി, ബിഎസ്എൻഎൽ കേബിൾ മോഷണക്കേസുകൾ ഇങ്ങനെ

മരംമുറി, ബിഎസ്എൻഎൽ കേബിൾ മോഷണക്കേസുകളിൽ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും പരിഗണിക്കാതെ തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ അടൂർ പൊലീസ് ഒളിച്ചു കളിക്കുകയായിരുന്നു. ഹൈക്കോടതിയും രാജ്യത്തെ പരമോന്നത കോടതിയും പൊലീസിൽ കീഴടങ്ങാൻ നിർദേശിച്ചിട്ടും സിപിഎം തന്നെ രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അജി. സിപിഎം ഭരിക്കുന്ന നെടുമൺ സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അജി ഫിലിപ്പ്. സിപിഎം ജില്ലാ നേതാവുമായി ഇയാൾ നിരന്തരമായി സമ്പർക്കം പുലർത്തിയിരുന്നു. അജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ പോലും ഹൈക്കോടതി തയാറായില്ല എന്നതാണ് വാസ്തവം. പ്രതി കീഴടങ്ങട്ടെയെന്നും പൊലീസ് വേഗത്തിൽ കാര്യങ്ങൾ നീക്കട്ടെയെന്നും നിർദേശിച്ച കോടതി അജിയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. ഹൈക്കോടതി നിർദ്ദേശം കണ്ടപ്പോൾ തന്നെ സുപ്രീം കോടതി കേസ് പരിഗണിക്കാതെ പോലും തള്ളുകയായിരുന്നു.

40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മുറിച്ചു കടത്തിയതിനും കല്ലട ഇറിഗേഷൻ പദ്ധതി ഭൂമിയിൽ നിന്ന മരങ്ങൾ മുറിച്ചു നീക്കിയതിനുമാണ് അജി ഫിലിപ്പിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പിട്ട് അടൂർ പൊലീസ് കേസെടുത്തിരുന്നത്. പൊതുമുതൽ നശീകരണം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കേബിൾ മോഷണത്തിന് അജി ഫിലിപ്പിന്റെ സഹോദരൻ ജിജി ഫിലിപ്പ് അടക്കം മൂന്നു പേരെ 2021 ജൂൺ മാസത്തിൽ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ബിഎസ്എൻഎൽ കേബിൾ മോഷണത്തിന് ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്സ് കേബിൾ നെറ്റ് വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. 2021 ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

അറസ്റ്റിലായ പ്രതികൾ ഇതേ മേഖലയിൽ സ്വകാര്യ കേബിൾ ടിവി നെറ്റ്‌വർക്ക് നൽകുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവർക്കും ബ്രോഡ് ബാൻഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിനോടാണ് നാട്ടുകാർ താൽപര്യം കാണിക്കുന്നത്. ജൂൺ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.

ഇതിനിടെയാണ് കെഐപിയുടെ ഭൂമിയിൽ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നൽകിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രിൽ 23 ന് കല്ലട പദ്ധതി എൻജിനീയർ നൽകിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്്ത്തി വച്ചിരുന്നു. കേബിൾ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജി ഫിലിപ്പിനെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.