ആലുവ: ആലുവയിൽ ബിഹാറി ദമ്പതികളുടെ അഞ്ചു വയസുകാരി മകളെ കൊന്നുതള്ളിയത് സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്ന കേന്ദ്രത്തിൽ. മൂന്നു മണിക്ക് മാർക്കറ്റ് കഴിഞ്ഞാൽ ഇവിടെ മാർക്കറ്റില്ല. പിന്നീട് ഇവിടെ ഇതര സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് ലഹരിമരുന്നും മദ്യം ഉപയോഗിക്കുന്നത് പതിവാണ്. ഓപ്പൺ ബാർ എന്നാണ് തൊഴിലാളികൾ പറയുന്നത്. സമീപത്തുള്ള മീന്മാർക്കറ്റ് കേന്ദ്രീകരിച്ചു നിഗൂഢ പ്രവർത്തനങ്ങൾ പതിവാണെന്നും പറയുന്നു.

മാർക്കറ്റിന് പിന്നിൽ പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലം മാലിന്യം തള്ളുന്നതിനുള്ള ഇടമാണ്. കുഞ്ഞിനെ കൊന്ന് ചാക്കിൽ കെട്ടി മാലിന്യ ചാക്കുകൾക്കിടയിൽ തള്ളിയ നിലയിൽ ആയിരുന്നു. ചാക്കിനു മുകളിൽ കല്ലും എടുത്തുവച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഒടിച്ചുമടക്കിയാണ് ചാക്കിൽ കെട്ടിയിരുന്നത്. ഇത്തരം കുറ്റകൃത്യം ചെയ്യുന്നതിൽ വിദഗ്ധനാണ് പ്രതിയെന്ന പൊലീസ് പറയുന്നു.

ഇയാൾ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും സുഹൃത്തിന് കുഞ്ഞിനെ ആലുവ ഫ്‌ളൈ ഓവർ ഇറങ്ങി കൈമാറി എന്ന് പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്ന് വ്യക്തമായി. ഫ്്‌ളൈ ഓവറിൽ വച്ച് കുഞ്ഞിനെ കൈമാറിയ ഒരാൾ കുഞ്ഞുമായി മാർക്കറ്റിൽ എത്തില്ല. കുഞ്ഞുമായി പെരിയാറിന്റെ ഭാഗത്തേക്ക് പോയ അസ്ഫാക് ആലം കുഞ്ഞില്ലാതെ മടങ്ങിപ്പോകുന്നത് സിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അസ്ഫാക് അവിടേക്ക് പോയതിനു പിന്നാലെ മറ്റു മൂന്നു പേർ കൂടി പോകുന്നുണ്ട്. ഇവർക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമല്ല.

അതേസമയം ആലുവ ഗ്യാരേജിന് സമീപത്തെ വീട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ അസ്ഫാക്ക് മൂന്നരയോടെ കുട്ടിയുമായി ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് എത്തിയിരുന്നതായി ദൃക്‌സാക്ഷി. മാർക്കറ്റിലെ സിഐടിയു ചുമട്ടുതൊഴിലാളിയായ താജുദ്ദീൻ ആണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കുട്ടിയെ കാണാതായ വാർത്ത രാവിലെ കണ്ടതോടെ സംശയം തോന്നിയ താജുദ്ദീൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നു രാവിലെ വാർത്ത അറിഞ്ഞതോടെ എട്ടരയോടെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചതെന്ന് സിഐടിയു ചുമട്ടുതൊഴിലാളി താജുദ്ദീൻ പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നേകാലോടെ അസ്ഫാക് ഈ കുട്ടിയുമായി മാർക്കറ്റിൽ എത്തിയിരുന്നതായി കണ്ടു. ചോദിച്ചപ്പോൾ മകളാണെന്ന് പറഞ്ഞു. ആളൊഴിഞ്ഞ് സ്ഥലത്ത് എത്തിയത് വെള്ളമടിക്കാനാണെന്നും പറഞ്ഞു. അയാൾക്ക് മലയാളവും അറിയാം. അവരുടെ ഭാഷയിലാണ് ആ കുട്ടി അയാളോട് സംസാരിച്ചിരുന്നത്. കുഞ്ഞിന്റെ കയ്യിൽ മിഠായിയും ഉണ്ടായിരുന്നു.

താൻ ചോദിച്ചപ്പോൾ അവൻ കുട്ടിയെ എടുത്തു. താൻ മാറിയപ്പോൾ കുട്ടിയെ നിലത്തുനിർത്തി. ഇവൻ കുട്ടിയുമായി വന്നതിനു പിന്നാലെ മൂന്നു പേർ കൂടി വന്നു. എന്നാൽ അവരെ അറിയില്ല. അസ്ഫാകിനെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമെന്നും താജുദ്ദീൻ പറഞ്ഞൂ. സിസിടിവി പരിശോധിച്ചപ്പോൾ ഇവൻ കുട്ടിയുമായി വരുന്നത് കണ്ടു. എന്നാൽ തിരിച്ചുപോകുമ്പോൾ കുട്ടിയെ കണ്ടില്ല. ഇതോടെയാണ് പൊലീസുമായി ചേർന്ന് പ്രദേശത്ത് വിശദമായ പരിശോധന നടത്തിയത്.