കുട്ടനാട്: കാവാലത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗമായ നിയമ വിദ്യാർത്ഥിനി ആതിര തിലകൻ ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കാവാലം പത്തിൽചിറ വീട്ടിൽ പി.എൻ.അനന്തുവിനെ (26) കൈനടി പൊലീസ് അറസ്റ്റ് ചെയ്തത് നിർണ്ണായക നീക്കത്തിലൂടെ. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് അറസ്റ്റ്. വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിശ്രുതവരനായ ഡി.െവെ.എഫ്.ഐ. നേതാവ് അറസ്റ്റിലാകുന്നത്.

ജനുവരി 5ന് ആണു കാവാലം രണ്ടരപ്പറയിൽ ആർ.വി.തിലകിന്റെ മകൾ ആതിര (25) ജീവനൊടുക്കിയത്. അനന്തുവും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ ആതിരയും തമ്മിലുള്ള വിവാഹ നിശ്ചയം 2 വർഷം മുൻപു നടന്നിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ഇടയ്ക്കിടെ ആതിരയുടെ വീട്ടിൽ എത്താറുണ്ടായിരുന്ന അനന്തു സംഭവ ദിവസവും എത്തിയിരുന്നു. ആതിരയുടെ മുത്തച്ഛൻ ആർ.കെ.വാസു (91) മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.

മത്സ്യവ്യാപാരികളായ അച്ഛനും അമ്മയും ജോലിക്കു ശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് ആതിരയെ വീടിന്റെ മുകളിലത്തെ നിലയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവദിവസം വീട്ടിൽവച്ച് വാക്കു തർക്കമുണ്ടായെന്നും അനന്തു ആതിരയെ മർദിച്ചെന്നും മുത്തച്ഛൻ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനന്തുവിനെതിരെ കേസെടുത്തത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം 13നു ആതിരയുടെ മുത്തച്ഛൻ വാർധക്യ സഹജമായ രോഗങ്ങൾമൂലം മരിച്ചിരുന്നു. അനന്തുവിനെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർമാരായ എ.ജെ.ജോയ്, എംപി.സജിമോൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എം.എഫ്.ജോസ്ലിൻ, പി.ടി.അനൂപ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

എൽ.എൽ.ബി. അവസാന വർഷ വിദ്യാർത്ഥിനിയും ഡി.െവെ.എഫ്.ഐ. കുട്ടനാട് ബ്ളോക്ക് കമ്മിറ്റിയംഗവുമായിരുന്നു ആതിര. കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് രണ്ടരപറയിൽ ആർ.വി. തിലകന്റെ മകളാണ് ആതിര. കാവാലം അഞ്ചാം വാർഡ് പത്തിൽച്ചിറ വീട്ടിൽ പരേതനായ നളിനാക്ഷന്റെ മകനാണ് അനന്തു. കാവാലം പഞ്ചായത്ത് മുൻ അംഗമായിരുന്നു സിപിഎം. പ്രാദേശിക നേതാവ് കൂടിയായ ആതിരയുടെ പിതാവ് തിലകൻ. സംഘടനാ പ്രവർത്തനത്തിനിടെയാണ് അനന്തുവുമായി ആതിര പ്രണയത്തിലായത്. തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് 2021 നവംബർ 14ന് മോതിരം മാറ്റച്ചടങ്ങ് നടത്തി.

ജനുവരി അഞ്ചിന് ആതിരയുടെ വീട്ടിൽ വന്ന പ്രതി മുറിയിൽ വച്ച് വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് കേസ്. സംഭവം നടന്ന് ഒന്നരമാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ബിജെപിയും യൂത്ത് കോൺഗ്രസും കൈനടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. അനന്തു മുൻകൂർ ജാമ്യം തേടി ആലപ്പുഴ ജില്ലാ കോടതിയേയും തുടർന്ന്‌ െഹെക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളി.

ഇതിന് ശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സിപിഎം. സംരക്ഷിക്കുന്നതിനാലാണെന്ന് ആരോപിച്ച് ആതിരയുടെ പിതാവ് തിലകൻ ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കാണുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എൻ.ഡി.എ. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനിടെയാണ് അറസ്റ്റുണ്ടായത്.