കോട്ടയം: സംസ്ഥാന സർക്കാറിന്റെ വ്യവസായ സൗഹൃദ നയം വെറും പൊള്ളയാണെന്ന് തെളിയിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജ്ജിനോടുള്ള പക തീരാതെ സർക്കാർ. വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പർ നൽകാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസെടുത്തു കൊണ്ടാണ് ഭരണകൂടം പകവീട്ടിയത്.

പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. ഗതാഗതം തടസം, പൊതു ജനങ്ങൾക്ക് സഞ്ചാര തടസം എന്നിവ സൃഷ്ടിച്ചതിനും കേസുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജിമോൻ യുകെയിലേക്ക് പോയതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. താൻ വിദേശത്തേക്ക് മടങ്ങിയതിന് പിന്നാലെ പൊലീസ് നോട്ടീസ് നൽകിയതിൽ ദുരൂഹതയുണ്ടെന്നാണ് ഷാജിമോന്റെ നിഗമനം. എന്തായായും സംഭവത്തിൽ അഭിഭാഷകരുമായി കാര്യങ്ങൾ സംസാരിക്കാനാണ് ഷാജിമോൻ ഒരുങ്ങുന്നത്.

നാട്ടിൽ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിനു കെട്ടിട നമ്പർ നൽകാത്ത പഞ്ചായത്ത് നടപടിക്കെതിരെയാണ് ഷാജിമോൻ സമരം നടത്തിയത്. കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് പടിക്കലാണ് ഷാജിമോൻ ജോർജ് സമരം തുടങ്ങിയത്. റോഡിൽ കിടന്നും പ്രതിഷേധം നടത്തി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് മാസത്തോളമാണ് മാഞ്ഞൂർ പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ നൽകാതിരുന്നത്. പിന്നാലെയായിരുന്നു പ്രതിഷേധം. പിന്നീട് മന്ത്രിതലത്തിൽ ഇടപെടൽ ഉണ്ടായി, പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നു.

നേരത്തെ പദ്ധതിയുമായി ഷാജിമോൻ എത്തിയപ്പോൾ ഉദ്യോഗസ്ഥർ കൈക്കൂലി നോട്ടമിട്ട് രംഗത്തെത്തിയിരുന്നു. കൈക്കൂലി വാങ്ങിയതിന് പഞ്ചായത്ത് അസി. എഞ്ചിനീയറെ വ്യവസായിയുടെ പരാതിയിൽ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ പ്രതികാര നടപടിയുമായാണ് പഞ്ചായത്ത് ഷാജിമോനെതിരെ നീങ്ങിയതും.

മാത്തൂർ പഞ്ചായത്ത് ഭരണം സി പിഐ എം നേതൃത്വത്തിലാണ്. ക്രമക്കേടുകളുണ്ടെന്നും പരിശോധനകൾക്കുള്ള കാലതാമസമാണ് വരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി നേരത്തേ വിശദീകരിച്ചിരുന്നു. 25 വർഷമായി ഇദ്ദേഹം പ്രവാസിയായിരുന്നുവെന്നും, 90 പേർക്ക് ജോലി ലഭിക്കുന്ന സംരഭമാണിതെന്നും വ്യവസായി പറയുന്നു. പഞ്ചായത്ത് ചോദിച്ച എല്ലാ രേഖകളും കൊടുത്താണ് പെർമിറ്റ് എടുത്തിരിക്കുന്നത്. കൈക്കൂലിക്കേസിൽ പഞ്ചായത്ത് അസി. എഞ്ചിനീയറെ അറസ്റ്റ് ചെയ്തതിന്റെ വിരോധം മൂലമാണ് തന്നെ ഉന്നം വെയ്ക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.