തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ മണൽവാരലിന് പിന്നിലും നേട്ടമുണ്ടാക്കിയത് ശശിധരൻ കർത്തയുടെ കമ്പനി ആണെന്ന ആരോപണം മാത്യു കുഴൽനാടൻ ഉയർത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് അത് നിഷേധിച്ചു കൊണ്ടാണ് പ്രതികരിച്ചിരുന്നത്. എന്നാൽ, മാത്യുവിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം. ഇതോടെ സർക്കാർ പുഴ്‌ത്തിവെച്ച ഒരു വിവരം കൂടിയാണ് പുറത്തുവരുന്നത്.

സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎലിനു പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള വഴിവിട്ട ഇടപാടുകൾ സംബന്ധിച്ച കൂടുതൽ രേഖകളാണ് പുറത്തുവന്നത്. 2018ൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്നു മണൽവാരാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു സർക്കാർ നൽകിയ അനുമതി ദുരുപയോഗം ചെയ്ത് സിഎംആർഎൽ കോടികൾ നേട്ടമുണ്ടാക്കിയതും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) പരിശോധിക്കുന്നുമെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്തു.

മണൽ വാരാൻ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിനും (കെഎംഎംഎൽ) ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിനും (ഐആർഇഎൽ) ആണ് അനുമതി നൽകിയത്. എന്നാൽ ഐആർഇഎലിൽനിന്ന് മണൽ സിഎംആർഎലിനു കിട്ടിയെന്നാണ് ജിഎസ്ടി ഇവേ ബില്ലുകളിൽനിന്നു വ്യക്തമാകുന്നതെന്നാണ് മനോരമ വാർത്തയിൽ പറയുന്നത്.

ഇൽമനൈറ്റിൽനിന്ന് ഇരുമ്പ് വേർതിരിച്ച് സിന്തറ്റിക് റൂട്ടൈൽ (ബെനിഫിഷ്യേറ്റഡ് ഇൽമനൈറ്റ്) നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ കെഎംഎംഎലിന് ഉണ്ട്. പക്ഷേ 2018ൽ തോട്ടപ്പള്ളി മണൽവാരൽ തുടങ്ങിയ ശേഷം 2019 വരെ സിഎംആർഎലിൽനിന്ന് കെഎംഎഎൽ ടൺ കണക്കിനു സിന്തറ്റിക് റൂട്ടൈൽ വാങ്ങിയതായി രേഖകളുണ്ട്.

ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് സിഎംആർഎൽ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണ് ഇക്കാര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വാരുന്ന ധാതുമണൽ ലഭിക്കണമെങ്കിൽ ഉന്നതതലത്തിൽ കൈക്കൂലി നൽകണമെന്നായിരുന്നു മൊഴി. കെഎംഎംഎലും ഐആർഇഎലും ഇനി അന്വേഷണത്തിന്റെ പരിധിയിൽ വരും.

സിഎംആർഎലിന് തോട്ടപ്പള്ളിയിലെ മണൽവാരാൻ അനുമതിയില്ലെന്നു സർക്കാർ പറയുമ്പോഴും കമ്പനി ഇടപെട്ടതിന്റെ രേഖകൾ പരാതിക്കാർ കോർപറേറ്റ് മന്ത്രാലയത്തിനു കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് സിഎംആർഎൽ സഹായം ചെയ്തതിന്റെ കാരണമെന്തൊക്കെയാണെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു.

ഇവേ ബില്ലുകൾ പ്രകാരം സിഎംആർഎലിന്റെ പക്കൽനിന്ന് കെഎംഎംഎൽ 2018 ഓഗസ്റ്റ് മുതൽ സിന്തറ്റിക് റൂട്ടൈൽ വാങ്ങി. ഓഗസ്റ്റിൽ 27ന് ആദ്യ ലോഡ്, മൂന്നു ദിവസം കൊണ്ട് 10 ലോഡ്, സെപ്റ്റംബറിൽ 45 ലോഡ്, ഒക്ടോബറിൽ 8 ലോഡ്, 2019 മാർച്ചിൽ 23 ലോഡ്, ഏപ്രിലിൽ 35 ലോഡ്, മേയിൽ 3 ലോഡ്, ജൂണിൽ 55 ലോഡ് എന്നിങ്ങനെ വാങ്ങിയെന്നാണു കണക്ക്. ലോഡിന് 27 ലക്ഷം രൂപയായിരുന്നു നിരക്ക്. ചില ലോഡുകൾക്ക് 5 ലക്ഷവും കാണിച്ചിട്ടുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിനു രൂപയുടെ ഇടപാടു നടന്നുവെന്നു തെളിയിക്കുന്നതാണ് ഇവേ ബില്ലുകൾ.

സിഎംആർഎലിൽനിന്നു സിന്തറ്റിക് റൂട്ടൈൽ കെഎംഎംഎൽ വാങ്ങുന്നില്ലെന്നു വ്യവസായ മന്ത്രി പി.രാജീവ് ഇക്കഴിഞ്ഞ ജനുവരി 30നു നിയമസഭയിൽ മറുപടി നൽകിയിരുന്നു. 2018ലും 2019ലും വാങ്ങിയ കാര്യം മറുപടിയിലില്ല. അതേസമയം 2018 ൽ തോട്ടപ്പള്ളിയിൽനിന്നു ധാതുമണൽ ഖനനം തുടങ്ങുന്നതുവരെ സിഎംആർഎൽ ധാതുമണൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നതായാണ് ഇവേ ബിൽ പ്രകാരമുള്ള രേഖകൾ. തോട്ടപ്പള്ളി മണൽ കിട്ടിയതോടെ ഇറക്കുമതി നിർത്തി. ഐആർഇഎലിന് നിലവിൽ കൊല്ലത്തു നിന്നും മറ്റും വാരാൻ അനുമതിയുള്ളതിനാൽ ഇപ്പോഴും സിഎംആർഎലിനു നൽകുന്നുണ്ടെന്ന് ഇവേ ബില്ലുകളിൽ വ്യക്തമാണ്. ഇതുകൂടാതെ ഇറക്കുമതി വീണ്ടും തുടങ്ങുകയും ചെയ്തു. കേരളതീരത്തെ ധാതുമണലിനാണു വ്യവസായ മേഖലയിൽ വലിയ ഡിമാൻഡ്.

അതേസമയം വീണ വിജയനെ ചോദ്യം ചെയ്യാനും അന്വേഷണം പിടിമുറുക്കാനും എസ് എഫ് ഐ ഒ തയ്യാറെടുക്കുന്നതിനിടെ എക്‌സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിനെയും എസ് എഫ ്‌ഐ ഒ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് എക്‌സാലോജിക്കിന്റെ ഹർജി. വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ് എഫ് ഐ ഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. ആദായ നികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവും ആർഒസിയുടെ ഗുരുതര കണ്ടെത്തലുകളും വന്നപ്പൊഴൊക്കെ എക്‌സാലോജിക്ക് മൗനത്തിലായിരുന്നു. 2022 നവംബറിൽ കമ്പനി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കമ്പനിയെ കുറിച്ചുള്ള ദുരൂഹതകളും
സംശയങ്ങളും ഒരുപാട് നിലനിൽക്കെയാണ് എക്‌സാലോജികിന്റെ ഹർജി.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു. ഈ സാഹചര്യത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യത. ഈ നോട്ടീസ് നൽകാനാണ് വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിച്ചത്.

കർണ്ണാടക കോടതിയിൽ ഹർജിയിൽ മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രംഗത്തു വരുമെന്നാണ് വിലയിരുത്തൽ. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്‌ഐഒ ക്ക് ലഭിച്ചതായാണ് വിവരം. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എക്‌സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും സംഘം ചോദിച്ചറിഞ്ഞു. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി. കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണസംഘം വിവരശേഖരണം നടത്തും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടി. ഈ ഘട്ടത്തിൽ ആദ്യം വീണാ വിജയനെ ചോദ്യം ചെയ്യാനാണ് പദ്ധതി.