ആറ്റിങ്ങൽ: അയിരൂരിൽ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അയിരൂർ താന്നിമൂട് വീട്ടിലെ സുനിൽകുമാറിനെ (42) പൊലീസ് കുടുക്കിയത് കൃത്യതയ്യാർന്ന അന്വേഷണത്തിൽ. സംഭവത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ ഒളിവിൽ പോയ പ്രതിയെ കുറിച്ച് ഒരു തുമ്പും ലഭിച്ചിരുന്നില്ല. പ്രതി മൊബൈൽ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തിന് തടസമായി.

ഒടുവിൽ അയിരൂർ സിഐ എസ്.സുധീർ , സബ് ഇൻസ്‌പെക്ടർ എസ്.സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയുടെ ബന്ധുക്കളെയടക്കം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ പ്രതിയുടെ വീട്ടിലേക്ക് എത്തിയ അസ്വാഭാവിക ഫോൺ കോളിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനിൽകുമാർ കർണാടകയിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സുനിൽ കുമാർ സുഹൃത്തിന്റെ ഫോണിൽ വിളിച്ചതാണെന്ന് സൈബർ സെല്ലും സ്ഥിരീകരിച്ചു. ഉടൻ തന്നെ അയിരൂർ പൊലീസ് കർണാടകയിലേക്ക് തിരിച്ചു.കർണാടകയിലെ റാംചൂഡിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ലൊക്കേറ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുത്ത ശേഷം കർണാടക കോടതിയിൽ ഹാജരാക്കിയ ശേഷം വർക്കല അയിരൂരിൽ എത്തിച്ച പ്രതിയെ റിമാന്റ് ചെയ്തു.

കേസിന് ആസ്പദമായ സംഭവം നടന്നത് ഇങ്ങനെ

അയിരൂർ താന്നിമൂട്ടിൽ അയൽവാസികളായിരുന്നു ചൂഷണത്തിന് വിധേയായ പെൺകുട്ടിയും സുനിൽകുമാറും. കക്ക വാരലും മണൽ വാരലും കിണർ കുഴിക്കലുമൊക്കെ തൊഴിലാക്കിയ സുനിൽകുമാറിന്റെ ഭാര്യ അപ്രതീക്ഷിതമായി മരിക്കുന്നു. ഇതോടെ അയൽവാസികൾ എല്ലാം സുനിലിനോടു സഹാനുഭൂതിയും കരുണയും കിട്ടി തുടങ്ങി. ഇത് മുതലാക്കിയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വീടുമായി പ്രതി സൗഹൃദം സ്ഥാപിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 8 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ യുവതിയുടെ അച്ഛനും അമ്മയും തൊഴിലുറപ്പ് പണിക്ക് പോയിരിക്കയായിരുന്നു. സഹോദരി ഉച്ചയോടെ അച്ഛനും അമ്മയ്ക്കുമുള്ള ഭക്ഷണവുമായി തൊഴിലുറപ്പ് സ്ഥലത്തേക്ക് പോയി. ഇത് മനസിലാക്കിയാണ് പ്രതി വീട്ടിൽ കയറി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഒച്ച വെച്ചെങ്കിലും ഊമയായതിനാൽ അയൽവാസികളും അറിഞ്ഞില്ല. ഇതിനിടെ മാതാപിതാക്കൾക്ക് ഭക്ഷണം നൽകിയ ശേഷം തിരികെ എത്തിയ സഹോദരിയാണ് പീഡനം കണ്ട് ആൾക്കാരെ വിവരം അറിയിച്ചത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.