ഉപ്പുതറ: ഇടുക്കിയിലെ ഉപ്പുതറയിൽ യുവതി വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ സ്ത്രീധന പീഡനമെന്ന് പ്രാഥമിക നിഗമനം. ഇത് ശരിവെക്കുന്ന വിധത്തിലാണ് വീട്ടിൽ നടന്ന കാര്യങ്ങളെന്നാണ് വ്യക്തമാകുന്നത്. മരിച്ച ഷീജയുടെ മാതാവ് ഭർത്താവിനും അമ്മക്കുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ സ്ത്രീധന പീഡനമെന്ന ആരോപണവുമായി യുവതിയുടെ അമ്മ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികളുടെ മകൾ എം.കെ.ഷീജയുടെ(27) മരണത്തിൽ ദുരൂഹത ആരോപിച്ചാണു കുടുംബം രംഗത്തു വന്നിരിക്കുന്നത്.

10 മാസം മുൻപാണു വളകോട് സ്വദേശിയായ ജോബിഷും ഷീജയും വിവാഹിതരായത്. സ്ത്രീധനമായി 8 പവന്റെ സ്വർണാഭരണങ്ങൾ നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും 6 പവൻ മാത്രമേ നൽകിയുള്ളെന്നും ജോബിഷ് മദ്യപിച്ചെത്തി അതിന്റെ പേരിൽ ഷീജയെ മർദിച്ചിരുന്നെന്നുമാണു കുടുംബത്തിന്റെ ആരോപണം. ഭർത്താവിന്റെ മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപണമുണ്ട്.

മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഷീജയുടെ സഹോദരൻ അരുൺ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് അമ്മയും പൊലീസിനു മൊഴി നൽകി. അതേസമയം, ഷീജയുടെ പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്നും മറ്റ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഉപ്പുതറ എസ്എച്ച്ഒ ഇ.ബാബുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.