കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വർഷം മുൻപ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. ചോദ്യം ചെയ്യലിൽ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു. പത്മ, റോസ്ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവിൽ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ലൈല മൊഴി നൽകുന്നത്. ഒരു വർഷം മുൻപ് കൊലപാതകം നടന്നിട്ടുണ്ടെന്ന് ഷാഫി തന്നോട് പറഞ്ഞതായി ലൈല അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറയുന്നു.

കൊലപാതക ശേഷം അവയവങ്ങൾ താൻ വിറ്റതായും ഷാഫി പറഞ്ഞതായി ലൈല മൊഴി നൽകി. ഇതിന് പിന്നാലെ ഷാഫിയുടെ മൊഴിയെടുത്തപ്പോഴാണ് ഷാഫി ഇക്കാര്യങ്ങളെ തള്ളിപ്പറഞ്ഞത്. ലൈലയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിന് വേണ്ടി താൻ കള്ളം പറഞ്ഞെന്നാണ് ഷാഫി മൊഴി നൽകിയിരിക്കുന്നത്. അതേസമയം ഇലന്തൂർ ഇരട്ട നരബലി കേസിലെ അന്വേഷണം പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പ്രതികരിച്ചു. പ്രതികൾ പറഞ്ഞതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ്. അവയവ മാഫിയ ബന്ധമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

'മുഖ്യപ്രതിയായ ഷാഫി പല കഥകൾ പറയുന്നുണ്ട്. ഇതെല്ലാം ശരിയാവണമെന്നില്ല, എന്നാൽ ഇതൊന്നും പൂർണമായും തള്ളിക്കളയുന്നുമില്ല. സാമാന്യ ബുദ്ധിയിൽ ചിന്തിച്ചാൽ ഈ കേസിൽ അവയവ മാറ്റം നടക്കില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ അവയവ മാറ്റത്തിനുള്ള നടപടികൾ സാധ്യമല്ല. അവയവ കച്ചവടം നടക്കുമെന്ന് ഷാഫി കൂട്ട് പ്രതികളെ വിശ്വസിപ്പിച്ചിട്ടുണ്ടാവാമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. നരബലി സംബന്ധിച്ച് നിരവധി കഥകൾ പ്രതികൾ പറയുന്നുണ്ട്. കൂടുതൽ ഇരകൾ ഉണ്ടോ എന്നതിൽ ഇത് വരെ സൂചനയില്ല. പ്രതികളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. മൂന്ന് പ്രതികളും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പരിചയ സമ്പന്നരാണെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു.

അതേസമയം ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച കൊല്ലപെട്ട പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മുഹമ്മദ് ഷാഫിയെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്താണ് പൊലീസ് സ്വർണാഭണങ്ങൾ കണ്ടെടുത്തത്. കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പത്മയുടെ 39 ഗ്രാം വരുന്ന സ്വർണാഭരണങ്ങളാണ് മുഹമ്മദ് ഷാഫി പണയം വച്ചിരുന്നത്.

ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വർണം പണയം വച്ച് ഇവിടെ നിന്ന് മുഹമ്മദ് ഷാഫി വാങ്ങിയിരുന്നത്. ഇതിൽ നാൽപതിനായിരം രൂപ ഭാര്യക്ക് നൽകിയെന്നാണ് മുഹമ്മദ് ഷാഫി പൊലീസിന് നൽകിയിട്ടുള്ള മൊഴി. തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പ് മുഹമ്മദ് ഷാഫിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇയാളുടെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം, കൊലപാതകത്തിന് പിന്നാലെ റോസ്ലിന്റെ മോതിരം ഭഗവൽ സിങ് പണയവെച്ചു എന്നും പൊലീസ് കണ്ടെത്തി. 700 മില്ലി ഗ്രാം മാത്രം തൂക്കമുള്ള മോതിരം പണയംവെച്ച് 2000 രൂപയാണ് നേടിയത്. റോസ്ലിന്റെ കൊലപാതകത്തിന് ശേഷം ജൂൺ 9 നാണ് ഭഗവൽ സിങ് നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നേരിട്ടെത്തി സ്വർണം പണയം വച്ചത്. ജൂൺ എട്ടിനായിരുന്നു റോസ്ലിനെ കാണാതായത്. തട്ടിക്കൊണ്ടുപോയ ദിവസം തന്നെ കൊലപാതകവും നടന്നു. കൊലയ്ക്ക് പിറ്റേന്നാണ് സിങ് സ്വർണം പണയം വെച്ചത്. കൂടുതൽ സ്വർണം പണയം വെച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.