തിരുവനന്തപുരം: കല്ലമ്പലം, നാവായിക്കുളം, കിളിമാനൂർ മേഖലകളിലെ അറിയപ്പെടുന്ന സിപിഎം നേതാവായ ഹരിഹരൻ പിള്ളക്കെതിരെ സ്ത്രീപീഡന കേസിൽ തുടർ നടപടികൾ ഇഴയുന്നതായി ആരോപണം. അദ്ധ്യാപികയാണ് പിള്ളക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. സ്ത്രീ പീഡനക്കേസിൽ ഇയാൾക്കെതിരെ അദ്ധ്യാപികയാണ് പരാതി നൽകിയത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ കൂടിയായ ഹരിഹരൻപിള്ള സഹപ്രവർത്തകയായ അദ്ധ്യാപികയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

ശാരിരികമായി പീഡിപ്പിച്ചതിനെതിരെ കല്ലമ്പലം പൊലീസിലും തുടർന്ന് റൂൽ എസ്‌പിക്കും അദ്ധ്യാപിക ആദ്യം പരാതി നൽകി. എന്നാൽ പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്താൽ അധികൃതർ പരാതി പൂഴ്‌ത്തുകയാണുണ്ടായത്. തുടർന്ന് പരാതികാരി ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ൽ കേസ് ഫയൽ ചെയ്തതു. പരാതിക്കാരി കോടതിയെ സമീപിച്ചതറിഞ്ഞ് കല്ലമ്പലം പൊലീസ് ക്രൈം നമ്പർ 2144/2021 ആയി IPC 354, 354 A, 509 , 354(C) എന്നീ വകുപ്പുകൾ ചേർത്ത് ഹരിഹരൻ പിള്ളയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി.

കോടതിയിൽ പരാതികാരി 5 പേരുടെ സാക്ഷി പട്ടിക സമർപ്പിച്ചിട്ടുണ്ടായിരുന്നു. പരാതിക്കാരിയുടെയും മേൽപറഞ്ഞ 5 പേരുടെയും സാക്ഷി മൊഴികൾ പൊലീസ് രേഖപെടുത്തിയിരുന്നു. 5 പേരുടെ ഉൽപ്പടെ മറ്റുചിലരുടെയും സിആർപിസി 164 പ്രകാരം മൊഴികൾ കോടതിയും രേഖപെടുത്തിയിരുന്നു. കല്ലമ്പലം പൊലീസ് CC 2154/2021 ആയി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.

കുറ്റപത്രത്തിൽ എഫ്‌ഐആറിൽ ഉണ്ടായിരുന്ന ഐപിസി 354 , 354 C വകുപ്പുകൾ ഒഴിവാക്കിയും 294 (b) കൂട്ടി ചേർത്തും പരാതിക്കാരി കോടതിയിൽ കൊടുത്ത 5 സാക്ഷികളുടെ മൊഴിയും മൊഴി പകർപ്പും ഒഴിവാക്കിയുമാണ് പൊലീസ് CC.No. 2154/2021 ആയി കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചുവെന്നും പൊലീസ് വാദിച്ചു.

കുറ്റപത്രം സമർപ്പിക്കുമ്പോൾ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ കല്ലമ്പലം പൊലീസ് നൽകിയ കുറ്റപത്രത്തിനെതിരെ പരാതികാരി മജിസ്‌ട്രേറ്റ് കോടതിയിലും പൊലീസ് ചീഫിനും പരാതി നൽകി. ഈ വിവരം മണത്തറിഞ്ഞ കല്ലമ്പലം പൊലീസ് കൂടുതൽ തെളിവുകൾ കിട്ടിയെന്നും CC2154/2021 ആയ കുറ്റപത്രത്തിന്മേൽ ഉള്ള നടപടികൾ നിർത്തി വയ്ക്കണമെന്നും കാണിച്ച് കോടതിയിൽ അപേക്ഷ നൽകി.തുടരന്വേഷണത്തിന് അനുമതിയും തേടി. കേടതിയുടെ അനുവാദത്തോടെ തുടരന്വേഷണം നടത്തിയ കല്ലമ്പലം പൊലീസ് CC. 2154/ 2022 ആയി 354 കൂടി ചേർത്ത് പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു .

ജാമ്യമില്ലാ വകുപ്പ് ആയ ഐപിസി 354 പ്രകാരം പ്രതി കുറ്റം ചെയ്തിട്ടുണ്ട് എന്ന് പൊലീസ് കണ്ടത്തിയിട്ടും പ്രതി ഹരിഹരൻ പിള്ള ഇപ്പോഴും ഹാപ്പിയായി വിലസുകയാണെന്ന് പരാതിക്കാരി പറയുന്നു. ഇതിനെതിരെ പരാതിക്കാരി പൊലീസ് ചീഫിന് വീണ്ടും പരാതി കൊടുത്തിരിക്കുകയാണ്. കർഷക സംഘം സംസ്ഥാന നേതാക്കൾക്കും പീഡനത്തിന് ഇരയായ അദ്ധ്യാപിക പരാതി നൽകിയിട്ടുണ്ട്.

തെറ്റായ രീതിയിൽ കുറ്റപത്രം ആദ്യം കൊടുഞ്ഞത് ഹരിഹരൻ പിള്ളയുടെ പാർട്ടി സ്ഥാനങ്ങൾ വച്ച് കൊണ്ട് ആണെന്ന് കാണിച്ച് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിക്കു നൽകിയ പരാതി നടപടികൾക്കായി ജില്ലാ സെക്രട്ടറിക്ക് കൊടുത്തത് ഇപ്പോൾ കിളിമാനൂർ ഏര്യ സെക്രട്ടറിയുടെ കയ്യിൽ ഭദ്രമായി സൂഷിച്ചിട്ടുണ്ട്. പരാതി കാരി പറഞ്ഞ കാര്യങ്ങൾ പുതിയ കുറ്റപത്രത്തിലുടെ തെളിയിക്കപെട്ടിട്ടും കിളിമാന്നൂർ ഏര്യാകമ്മറ്റി നടപടി എടുക്കുന്നില്ലന്ന് കാണിച്ച് ഇപ്പോഴത്തെ സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്കും പരാതി നൽകിയിട്ടുണ്ട്. 

ഹരിഹരൻ പിള്ള നിലവിൽ സിപിഎം കിളിമാനൂർ ഏര്യാകമ്മറ്റി അംഗവും കർഷക സംഘം മുൻ കിളിമാനൂർ ഏര്യ സെക്രട്ടറിയും കർഷക സംഘം സംസ്ഥാന സമിതി അംഗവുമാണ്. 2018 ൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്ഥാനത്ത് നിന്നും ഹരിഹരൻ പിള്ളയെ മാറ്റി മറ്റൊരു വനിതാ ജീവനകാരിക്ക് കൊടുത്തതിൽ അനിഷ്ടം തോന്നി യാണ് പ്രതി വാദിയെ ശാരിരികമായി പിഡിപ്പിച്ച് മാനഹാനി വരുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. നാഷണൽ സർവീസ് സ്‌കീം ആയി ബന്ധപെട്ട് കുട്ടികളിൽ നിന്ന് ഹരിഹരൻ പിള്ള പണപിരിവ് നടത്തിയതിനെതിരെ സ്‌കൂളിലെ എസ്എഫ്‌ഐ വിദ്യാർത്ഥികളും തുടർന്ന് ഡിവൈഎഫ്‌ഐ കാരും സമരം ചെയ്ത് പ്രതിഷേധിച്ച സംഭവം വരെ മുൻകാലത്ത് ഉണ്ടായിട്ടുണ്ട്.

നാട്ടിൽ ഹാപ്പിയായി ഹരിഹരൻ പിള്ള വിലസുമ്പൊഴും നീതിയുടെ വാതിൽ എന്ന് തുറക്കുമെന്ന് അറിയാതെ ഇപ്പോഴും സങ്കടത്തിൽ അലയുകയാണ് പരാതിക്കാരിയായ അദ്ധ്യാപിക.