കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ പൊലീസിന് കാര്യങ്ങളെല്ലാം എളുപ്പമാക്കി നൽകിയത് പ്രതി ഡൊമിനിക് മാർട്ടിന്റെ ഇടപെടലാണ്. സ്‌ഫോടനം നടത്തിയതിന് പിന്നിൽ ആരെന്ന് അന്വേഷിച്ചു പൊലീസ് പരക്കം പായവേയാണ് മാർട്ടിൻ താനാണ് പ്രതിയെന്ന് പറഞ്ഞ് പൊലീസിൽ കീഴടങ്ങിയത്. പിന്നാലെ പ്രതി തന്നെ തെളിവുകളും നൽകി. അടുത്ത ഘട്ടത്തിൽ കോടതിയിൽ സ്വയം വാദിക്കാനുമാണ് മാർട്ടിൻ ഒരുങ്ങുന്നത്. ഇപ്പോഴത്തെ നിലയിൽ പ്രതി നൽകിയ വിവരങ്ങളും തെളിവുകളുമാണ് കേസിൽ നിർണായകമായിട്ടുള്ളത്. അതുകൊണ്ട തന്നെ അൽപ്പം കരുതൽ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഡൊമിനിക് മാർട്ടിന്റെ ഭൂതകാലവും അന്വേഷിക്കുകയാണ് പൊലീസ്. ഇതിനായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടന്നുവരികയാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, സ്‌ഫോടനം നടന്ന ഹാൾ പരിസരത്ത് മാർട്ടിനെ തിരിച്ചറിഞ്ഞവർ എന്നിങ്ങനെയുള്ളവരുടെ മൊഴി ശേഖരിക്കുന്നുണ്ട്.

സംസ്ഥാനത്ത് നടന്ന യഹോവയുടെ സാക്ഷികളുടെ മുൻ കൺവെൻഷനുകളെ ഇയാൾ ലക്ഷ്യമിട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി ആറു മാസത്തെ കൺവെൻഷനുകളുടെയും പ്രാർത്ഥനാ യോഗങ്ങളുടെയും വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. അതിനിടെ, മാർട്ടിന്റെ തിരിച്ചറിയൽ പരേഡിന് അന്വേഷക സംഘം വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകി. കൺവെൻഷനിൽ പങ്കെടുത്തവരിൽ ചിലർ സംഭവ ദിവസം മാർട്ടിനെ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്നു. തിരിച്ചറിയൽ പരേഡിന് കോടതി അംഗീകാരം ലഭിച്ചാൽ ഇവരോട് ഹാജരാകാൻ ആവശ്യപ്പെടും.

മാർട്ടിൻ ദുബായിലെ ജോലിസ്ഥലത്ത് നിന്ന് പോയത് രണ്ട് മാസം മുമ്പ്. ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ് അടിയന്തിര ലീവ് എടുത്തതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. രണ്ടു മാസം മുൻപാണ് ഡൊമിനിക് മാർട്ടിൻ ദുബായിൽ നിന്ന് നാട്ടിലേക്ക് പോയത്. നാട്ടിൽ എത്തിയ ശേഷം ലീവ് അവധി നീട്ടി വാങ്ങി. ഒക്ടോടബർ 30ന് തിരികെയെത്തുമൊന്നാണ് കമ്പനിയെ അറിയിച്ചിരുന്നത്. മാർട്ടിൻ സ്‌ഫോടനം നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാവരോടും വളരെ സൗഹാർദപരമായാണ് ഇദ്ദേഹം പെരുമാറിയതെന്നും സഹപ്രവർത്തകർ പറയുന്നു. ദുബൈ സിലിക്കൺ ഒയാസിസിലെ സ്വകാര്യ സ്ഥാപനത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി ഡൊമിനിക് മാർട്ടിൻ ജോലി ചെയ്തിരുന്നത്.

ഡൊമിനിക്ക് മാർട്ടിന് മാനസിക, ശാരീരിക പ്രശ്നങ്ങളില്ലെന്ന് പ്രാഥമിക മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ അവലോകനം ചെയ്യും. മാർട്ടിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾക്കു കൂടി സൗകര്യം ഏർപ്പെടുത്തിയുള്ള ചോദ്യംചെയ്യൽ രീതിയാകും പരീക്ഷിക്കുക.

മാർട്ടിന്റെ മൊഴിയിൽ നിരവധി പൊരുത്തക്കേടുണ്ട്. സ്ഫോടനത്തിന് ശേഷം നാലുമിനിറ്റ് സെൽഫി വീഡിയോ ചിത്രീകരിക്കാൻ ഹോട്ടലിൽ മുറിയെടുക്കേണ്ട കാര്യമില്ല. കൃത്യം നടത്താൻ സഹായംതേടി പ്രതി മറ്റാരുമായോ നിരന്തരം സംസാരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനാണു ശ്രമം. എന്നാൽ, ഉറച്ച മനോനിലയുള്ള ഇയാളിൽ നിന്നു എളുപ്പത്തിൽ മറ്റു കാര്യങ്ങൾ ലഭിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് മനഃശാത്രപരമായി കേസിനെ നേരിടാനുള്ള തീരുമാനം. കൊച്ചി കമ്മീഷർ അക്‌ബർ ആർക്കും വഴങ്ങാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് കൂടിയാണ് അന്വേഷണത്തിൽ നേരിട്ട് ദേശീയ അന്വേഷണ ഏജൻസി ഇടപെടാത്തത്.

സെഷൻസ് ജഡ്ജി ഒറ്റയ്ക്കു വിളിച്ചു സംസാരിച്ചിട്ടും തനിക്കു അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്ന നിലപാടിൽ മാർട്ടിൻ ഉറച്ചു നിൽക്കുകയായിരുന്നു. താൻ ചെയ്തതിനേപ്പറ്റിയും കേസിനെപ്പറ്റിയും വ്യക്തമായ ബോധം പ്രതിക്കുണ്ട്. അതിനാൽ, തെളിവുകളിൽ പൊരുത്തക്കേടു കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണു അന്വേഷണ സംഘം. ഇയാളുടെ മാനസിക നില പരിശോധിക്കാൻ കൗൺസിലറുടെ സഹായം തേടാനാണ് തീരുമാനം. കോടതിയുടെ അനുമതിയോടെയാകും ഇത്തരം നീക്കങ്ങളിലേക്ക് പോവുക.

ഡൊമിനിക് മാർട്ടിൻ ഫോണിൽ പകർത്തിയ അപകട ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കും. സംഭവ ദിവസം മാർട്ടിനെ കൺവെൻഷൻ വേദിയിൽ കണ്ടവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്ന് നിർദ്ദേശം. അന്നേദിവസം ഡൊമിനിക് മാർട്ടിനെ കണ്ടതായി ചിലർ പൊലീസിനെ അറിയിച്ചു. മാർട്ടിനെ കണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് പൊലീസ്. അതിന് ശേഷം കാക്കനാട്ടെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. പരേഡിനുള്ള അപേക്ഷ ഉടൻ നൽകും. കൺവൻഷന് എത്തിയവരുടെ പേര്, വിലാസം എന്നിവ പൊലീസ് ശേഖരിച്ചു.

നേരത്തെ ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിക്കുന്ന പ്രതി ഒരു കൂസലുമില്ലാതെയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. പ്രായം 58 ആയെന്നും ഇനിയൊന്നും നോക്കാനില്ലെന്നും പ്രതി പറഞ്ഞു. കേസ് സ്വയം വാദിക്കുമെന്നാണ് മാർട്ടിൻ പറയുന്നത്. മാർട്ടിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിനു ശേഷവും മുൻപും മാർട്ടിൻ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് വിവരശേഖരണം.

കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്നാണ് റിമാൻഡ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളത്. മാർട്ടിൻ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ല. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്ഫോടനം നടത്തിയത് ആസൂത്രിതമായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനത്തിൽ പരുക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 3 പേരുടെ നില ഗുരുതരമായി തുടരുന്നു. ആസ്റ്റർ മെഡ്സിറ്റിയിൽ 2 പേരും എറണാകുളം മെഡിക്കൽ സെന്ററിൽ ഒരാളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആസ്റ്റർ മെഡ്സിറ്റിയിൽ വെന്റിലേറ്ററിലുള്ള മലയാറ്റൂർ സ്വദേശിനി റീന ജോസ്, മകൻ പ്രവീൺ എന്നിവർക്ക് സ്‌കിൻ ഗ്രാഫ്റ്റിങ് ശസ്ത്രക്രിയ നടത്തി. കളമശ്ശേരി സ്വദേശിനി മോളി ജോയി (61) എഴുപതു ശതമാനം പെള്ളലോടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്.

പരിക്കേറ്റ പതിനെട്ടുപേർ വിവിധ ആശുപത്രികളിലാണ്. ഇതിൽ പതിമൂന്നു പേർ ഐ.സി.യു.വിലും അഞ്ചുപേർ വാർഡിലുമാണ്. ഒരാളെ 'ട്രോമ ബാക്ക്' (സ്ഫോടനത്തെ തുടർന്നുണ്ടായ ഭയം) ആയിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.