തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് കൊടുക്കാനുള്ള പണം അടുത്തകാലത്തെങ്ങും കൊടത്തു തീർക്കാൻ സാധിക്കില്ലെന്ന് വ്യക്തം. ഇഡി അന്വേഷണം സഹകരണ മേഖലയെ തകർക്കാൻ വേണ്ടിയാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിക്കുന്ന സിപിഎം കാണാതെ പോകുന്നത് അയ്യായിരത്തിലേറെ നിക്ഷേപകരുടെ കണ്ണുനീരാണ്. ഇഡി തട്ടിപ്പുകാർക്ക് പിന്നാലെ പോകുമ്പോഴും പണം നിക്ഷേപിച്ചവർക്ക് ഒരു അടിയന്തര ആവശ്യത്തിന് പോലും പണം കിട്ടാത്ത അവസ്ഥയുണ്ട്. ഇക്കാര്യം പലതവണ വ്യക്തമായതാണ് താനും.

സർക്കാർ സഹായമോ സഹകരണവകുപ്പിന്റെ പുനരുദ്ധാരണ കൺസോർഷ്യമോ കേരള ബാങ്കിന്റെ ഇടപെടലോ ഇല്ലാത്തതിനാൽ ബാങ്കിലെ പ്രതിസന്ധി തുടരുമെന്ന കാര്യം ഉറപ്പാണ്. കരുവന്നൂർ ബാങ്ക് നിക്ഷേപകർക്ക് തിരികെ നൽകാനുള്ളത് 283.56 കോടി രൂപയാണ്. നിക്ഷേപത്തിലെ പലിശകൂടി കണക്കിലെടുത്താൽ ഇത് 320 കോടിക്കും മുകളിലെത്തുമെന്നതാണ് വസ്തുത. 2021 സെപ്റ്റംബർ മുതൽ ഇതേവരെ ബാങ്ക് നിക്ഷേപകർക്ക് കൊടുത്തുതീർത്തത് 29 കോടി മാത്രമാണ്. ആർക്കും മുഴുവനായി കൊടുത്തുതീർത്തിട്ടില്ല. മരിച്ച ഒരു നിക്ഷേപകന്റെ ബന്ധുക്കൾക്കുപോലും അറുപതിനായിരം രൂപ ബാക്കി കൊടുക്കാനുണ്ട്.

വിഷയം രാഷ്ട്രീയമാണ് എന്ന പറയുന്ന സിപിഎം വെട്ടിലാകുന്നത് ഇക്കാര്യത്തിലാണ്. മാപ്രാണത്തെ ജോഷി ആന്റണി എന്നയാൾ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമിട്ട 91 ലക്ഷത്തിൽ 23.75 ലക്ഷമാണ് തിരികെ കിട്ടിയത്. ട്യൂമർ ബാധിച്ച് ചികിത്സയിലായതോടെയാണ് ഇത്രയും തുക അനുവദിച്ചത്. മാപ്രാണത്തെത്തന്നെ ജോയി എന്നയാൾ 1.25 കോടിയും ലൂവിസ് എന്നയാൾ ഒരുകോടിയും നിക്ഷേപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇരുപതിലേറെപ്പേർക്ക് ഒരുകോടിയിലേറെ നിക്ഷേപമുണ്ടെന്നാണ് അറിയുന്നത്.

മൊത്തം 5400 നിക്ഷേപകരുള്ളതിൽ സ്ഥിരനിക്ഷേപം 90 ശതമാനമാണ്. ഇതിൽ കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപത്തിന്റെ 10 ശതമാനവും പലിശയുടെ 50 ശതമാനവുമാണ് ഇതേവരെ നൽകിയത്. 5400 നിക്ഷേപകരിൽ 1500 പേർക്കാണ് 10 ലക്ഷത്തിൽ കൂടുതൽ സ്ഥിരനിക്ഷേപമുള്ളത്. ഒരുലക്ഷത്തിൽ താഴെ സ്ഥിരനിക്ഷേപമുള്ളത് 750 േപരും. ബാങ്ക് പ്രതിസന്ധിയിലായെന്നുള്ള വാർത്ത പരന്ന 2021 ജൂലായ് 14-നുശേഷം ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടത് ഒരാൾമാത്രം.

വായ്പ നൽകിയ ഇനത്തിൽ കിട്ടാനുണ്ടായിരുന്ന 381.45 കോടിയിൽ 80 കോടിയിലേറെ രൂപ മറ്റു ബാങ്കുകൾ ഏറ്റെടുക്കുക വഴി സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതിൽ 47.49 കോടി കേരള ബാങ്കിൽ നൽകാനുള്ള വായ്പയാണ്. സുരക്ഷിതവായ്പ ഏറ്റെടുത്തതിൽ ഭൂരിഭാഗവും കേരള ബാങ്കാണുതാനും.

ചില പൊതുമേഖലാ ബാങ്കുകളിൽ കോടികളുടെ തട്ടിപ്പ് നടത്തി പ്രതികൾ വിദേശത്തേക്ക് കടന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ സാധാരണക്കാരെ വഴിയാധാരമാക്കിയ വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നതാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ ഗുരുതരമാക്കുന്നത്. മാത്രമല്ല, ഈ തട്ടിപ്പിന് ബാങ്ക് അധികൃതരുടെയും രാഷ്ട്രീയത്തിലെ പ്രമുഖരുടെയും പിന്തുണയുണ്ടായെന്നും ഇ.ഡി. പറയുന്നു.

അതേസമയ കരുവന്നൂർ സഹകരണ ബാങ്കിൽ പാർട്ടി പ്രവർത്തകർ തന്നെയാണു തട്ടിപ്പു നടത്തുന്നതെന്നു വിവരം കിട്ടിയതിനെത്തുടർന്നു ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾ വായ്പയെടുക്കുന്നതു നാലു വർഷം മുൻപു സിപിഎം ജില്ലാ കമ്മിറ്റി വിലക്കി. എന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ടവർ എടുത്ത വായ്പയിലെ തിരിമറി അപ്പോഴും പാർട്ടി തടഞ്ഞില്ല. ബാങ്കിന്റെ തകർച്ചയ്ക്ക് ഇടയാക്കിയതും ഈ മൗനമാണ്.

കരുവന്നൂരിലെ തട്ടിപ്പിനെക്കുറിച്ചും ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലെ സിപിഎം അംഗങ്ങൾ തന്നെ വായ്പ എടുക്കുന്നതിനെക്കുറിച്ചും പാർട്ടിക്ക് ആദ്യം പരാതി കിട്ടിയതു 2018ലാണ്. അന്നു വൻകിട തട്ടിപ്പുകൾ നടന്നിരുന്നില്ല. എന്നാൽ 2019 ആദ്യം ഇതേക്കുറിച്ചു പാർട്ടി ഏരിയാ തലത്തിൽ അന്വേഷിക്കുകയും തട്ടിപ്പിന്റെ രീതി കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നു 2019 ഫെബ്രുവരി 6നു നടന്ന ജില്ലാ കമ്മിറ്റി യോഗം സഹകരണ ബാങ്കിൽ നിന്നു ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾ വായ്പയെടുക്കുന്നതു വിലക്കുകയായിരുന്നു.

പാർട്ടി മിനിറ്റ്‌സിലെ ഏഴാമത്തെ ഇനത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങൾ സ്വന്തം പേരിലും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ വായ്പയെടുത്ത ശേഷം കൃത്യ സമയത്തു തിരിച്ചടയ്ക്കുന്നില്ലെന്നു പരാതി വരുന്നുണ്ട്. സഹകരണ സ്ഥാപന ബോർഡ് അംഗങ്ങൾ അവരുടെ പേരിൽ അതതു സ്ഥാപനങ്ങളിൽനിന്നു വായ്പയെടുക്കാൻ പാടില്ല. '

ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പേരിൽ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്നുവെന്നു പാർട്ടിക്കു വ്യക്തമായിരുന്നു. ഈ സമയത്തുതന്നെ അന്വേഷണം ആവശ്യപ്പെടുകയും പൊലീസിനു വിവരം കൈമാറുകയും ചെയ്തിരുന്നെങ്കിൽ കരുവന്നൂരിൽ ഗുരുതരമായ തട്ടിപ്പു നടക്കില്ലായിരുന്നു. പാർട്ടി അന്വേഷണ കമ്മിഷനും ഈ വിലക്കു പരിശോധിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണു കരുവന്നൂരിലെ പ്രശ്‌നം 2019ൽ ഗൗരവത്തോടെ കാണാതിരുന്നതെന്നു വ്യക്തമല്ല. പാർട്ടിയുടെ വടക്കാഞ്ചേരി ഘടകത്തിലെ പ്രവർത്തകർ കരുവന്നൂരിൽ നടത്തിയ ഇടപെടൽ അന്വേഷണ കമ്മിഷൻ ചൂണ്ടിക്കാണിച്ചതുമില്ല. വൻ തോതിൽ പാർട്ടി തല ഇടപെടൽ വായ്പകളിലുണ്ടായെന്നു അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ലെന്നതും സംശയങ്ങൾക്ക് ഇട നൽകുന്നു.