തിരുവനന്തപുരം: പച്ചക്കറി കടയിൽ നിന്നു മാങ്ങ മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെ പിരിച്ചുവിട്ട സംഭവത്തിനു ശേഷം വീണ്ടുമൊരു മാങ്ങാ മോഷണ കേസു കൂടി. കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേര് പറഞ്ഞാണ് കടയിൽ നിന്നും മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയത്.

ഒരു മാസം മുമ്പ്് 5 കിലോ പഴുത്ത മാങ്ങ പോത്തൻകോട് കരൂർ ക്ഷേത്രത്തിനു സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റാഴ്‌സ് എന്ന കടയിൽ നിന്നാണ് മാങ്ങ വാങ്ങിയാണ് പൈസ കൊടുക്കാതെ പൊലീസുകാരൻ മുങ്ങിയത്. നിലവിൽ പൊലീസ് ഉദ്യാഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ട്. അഞ്ചു കിലോ മാങ്ങ രണ്ട് കവറുകളിലായാണ് പൊലീസുകാരൻ വാങ്ങിയത്.

പണം പീന്നീട് നൽകാമെന്ന് പറഞ്ഞ് അയാൾ കടയിൽ നിന്നും മടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് പൊലീസ് ഉദ്യാഗസ്ഥരെ കണ്ട് കടക്കാരൻ കാര്യം തിരക്കിയപ്പോഴാണ് തന്നെ പറ്റിക്കുകയായിരുന്നു എന്ന് മനസ്സിലായത്. തുടർന്ന് പൊലീസിൽ തന്നെ പരാതി കൊടുത്തു. പോത്തൻകോട് ഇൻസ്‌പെക്ടർ ഡി. മിഥുൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്തായാലും പരാതിയുടെ അടിസ്ഥാനത്തിൽ മാങ്ങ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാങ്ങ വാങ്ങിയ പൊലീസുകാരനെ തിരിച്ചറിഞ്ഞതായാണ് ലഭഫിക്കുന്ന സൂചന. സംഭവത്തിൽ രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം മുമ്പ് മാങ്ങാ മോഷ്ടിച്ച കേസിൽ പ്രതിയായിരുന്ന ഇടുക്കി എ.ആർ. ക്യാമ്പിലെ സി.പി.ഒ.യും കൂട്ടിക്കൽ സ്വദേശിയുമായ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെ സേനയിൽനിന്ന് പിരിച്ചുവിട്ടത് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ ശുപാർശപ്രകാരമാണ് നടപടി സ്വീകരിച്ചത.

സെപ്റ്റംബർ 30-ന് പുലർച്ചെ നാലോടെയാണ് പൊലീസുകാരൻ മാങ്ങയുമായി കടന്നത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ കെ.എം. വെജിറ്റബിൾസ് എന്ന പച്ചക്കറി മൊത്തവ്യാപാര കടയ്ക്ക് മുൻപിൽ ഇറക്കിവെച്ചിരുന്ന പെട്ടിക്കുള്ളിൽനിന്ന് അറുന്നൂറ് രൂപ വിലവരുന്ന 10 കിലോ പച്ചമാങ്ങ മോഷ്ടിച്ചതായി അന്ന് കേസെടുത്തു. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങാ പെറുക്കി സ്‌കൂട്ടറിലിടുന്നത് കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു.

കടയുടമ സി.സി.ടി.വി. ദൃശ്യമടക്കം നൽകിയ പരാതിയിലാണ് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തത്. ഒളിവിൽപോയ ഷിഹാബിനെ 20 ദിവസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന്റെ മോഷണ ദൃശ്യങ്ങളടക്കം പുറത്തായതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് ഒക്ടോബർ മൂന്നിന് ഷിഹാബിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഒക്ടോബർ 20-ന് കടയുടമ നൽകിയ രാജി ഹർജിയിൽ ഷിഹാബിനെ കോടതി കുറ്റവിമുക്തനാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്റ്റട്രേറ്റാണ് കേസ് പിൻവലിക്കാൻ ഉത്തരവിട്ടത്. അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ.പി.സി. 379 പ്രകാരമുള്ള മോഷണ കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചിരുന്നു.

നിലവിൽ രണ്ട് കേസ് ഇയാൾക്കെതിരേ കോടതിയിൽ നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. 2019-ൽ മുണ്ടക്കയം പൊലീസ് രജിസ്റ്റർചെയ്ത ബലാത്സംഗ കേസിലും സ്ത്രീകളെ ശല്യംചെയ്ത കേസിലും പ്രതിയായിരുന്നു ഷിഹാബെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ കേസുകളിൽ വിചാരണ നടന്നുവരവെയാണ് മാങ്ങാ മോഷ്ടിച്ച കേസിൽ ഷിഹാബ് പ്രതിയാകുന്നത്.