കോഴിക്കോട്: കൊടുവള്ളിയിൽ ദേശീയ പാതയോരത്ത് വെണ്ണക്കാടുള്ള പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വമ്പൻ ട്വിസ്റ്റ്. പ്രതികൾ കവർച്ച ചെയ്തത് മുക്കുപണ്ടമാണെന്ന് വ്യക്തമായി. ബാഗിലുണ്ടായിരുന്ന സ്വർണ മാല യുവതിയുടെ അമ്മ എടുത്തു മാറ്റിവെച്ചിരുന്നു. ഇത് യുവതി അറിഞ്ഞിരുന്നില്ല. മുക്കുപണ്ടമാണെന്ന് മനസ്സിലാക്കാതെ ആഭരണവുമായി കടന്ന കള്ളന്മാരും കബളിക്കപ്പെട്ടത് അറിഞ്ഞിരുന്നില്ല.

ബാഗിൽ ഒരു സ്വർണമാലയും മുക്കുപണ്ടവും ഉണ്ടായിരുന്നു. ഇതിൽ സ്വർണമാല അമ്മ എടുത്തിരുന്നു. ഇക്കാര്യം യുവതി അറിഞ്ഞില്ല. ഇതോടെയാണ് മോഷ്ടിക്കപ്പെട്ടത് സ്വർണമാലയാണെന്ന് തെറ്റിദ്ധരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൊടുവള്ളിയിലെ പെട്രോൾ പമ്പിലായിരുന്നു മോഷണം നടന്നത്. പമ്പിലെ ജീവനക്കാരുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിലെ ആഭരണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ തന്റെ ബാഗിലുണ്ടായിരുന്നവ മോഷ്ടിക്കപ്പെട്ട വിവരം യുവതി അറിഞ്ഞിരുന്നില്ല. പിന്നീട് വൈകുന്നേരം ജോലികഴിഞ്ഞ് തിരിച്ചുപോകാനൊരുങ്ങുന്നതിനിടെ ബാഗ് പരിശോധിച്ചപ്പോൾ 3,000 രൂപ കാണാനില്ലെന്ന് മനസ്സിലായി. കൂടുതൽ പരിശോധന നടത്തിയതോടെയാണ് ബാഗിൽവെച്ചിരുന്ന ആഭരണങ്ങളും കാണാനില്ലെന്നു വ്യക്തമായത്.

തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും മണിക്കൂറുകൾക്കകംതന്നെ പ്രതികളായ രണ്ടുപേരെയും പിടികൂടുകയും ചെയ്തിരുന്നു. പ്രതികളിൽനിന്ന് മാലയും കണ്ടെടുത്തു.

പിന്നീട് യുവതി വീട്ടിലെത്തി അമ്മയുമായി സംസാരിച്ചതോടെയാണ് നഷ്ടപ്പെട്ട ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് മനസ്സിലായത്. ബാഗിൽനിന്ന് സ്വർണാഭരണം അമ്മ എടുത്ത് മാറ്റിവെച്ചിരുന്നതായും വ്യക്തമായി. ഉടൻതന്നെ കളവു പോയത് മുക്കുപണ്ടമാണെന്ന് യുവതി പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് യുവതിയെ വിളിച്ചുവരുത്തുകയും വിശദാംശങ്ങൾ തേടുകയുമായിരുന്നു.

പമ്പിലെ മുറിയിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ മാലയും 3,000 രൂപയും കവർന്നുവെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മറ്റൊരാൾക്കൊപ്പം ബൈക്കിൽ പെട്രോൾ പമ്പിൽ എത്തിയ പ്രതി, പമ്പിലെ ശുചിമുറിക്കു സമീപത്തു കൂടിയാണു മുറിയിൽ കടന്നത്.