ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവും പെൺസുഹൃത്തായ ബെംഗാളി യുവതിയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിന്റെ ഭീഷണി ഫോൺ കോൾ എന്ന് സൂചന. ഇരുവരും ഒരുമിച്ച് താമസം തുടങ്ങി മൂന്നാം നാളാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ ഇരുവരും താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലാണ് ഇടുക്കി സ്വദേശിയായ അബിൽ അബ്രഹാനെ (29)യും, പശ്ചിമ ബംഗാൾ സ്വദേശിനി സൗമനി ദാസിനെ (20)യും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാദേശിലുള്ള ഭർത്താവിന്റെ ഫോൺ കോൾ വന്നതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ നാലാംനിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ഫ്ളാറ്റിൽനിന്ന് തീഉയരുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വാതിൽ തകർത്ത് ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. സൗമിനി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അബിലിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേഹത്ത് പെട്രോളൊഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമികവിവരം. വിവാഹിതയായ സൗമിനി ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്. നഴ്സിങ് പഠനം പൂർത്തിയാക്കിയ അബിൽ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ഏതാനുംമാസങ്ങൾക്ക് മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്.

കൊൽക്കത്ത സ്വദേശിനിയായ സൗമനി വിവാഹിതയായിരുന്നു. ഏറെ നാളായി ഇവർ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലയാളിയായ അബിലുമായുള്ള സൗമിനിയുടെ ബന്ധം ഭർത്താവ് അറിഞ്ഞതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്നു മാസം മുൻപ് സൗമിനി കൊൽക്കത്തയിൽ പോയിരുന്നു. ഭർത്താവ് ഉപദ്രവിക്കുന്നതായും വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അബിലുമായുള്ള ബന്ധമറിഞ്ഞ് ഭർത്താവ് സൗമനിയെ ഫോൺ ചെയ്തു സംസാരിച്ചു. ഇവരെ ഭർത്താവ് ഭീഷണിപ്പെടുത്തുകയും നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതേസമയം അപ്പാർട്‌മെന്റിൽ നിന്നും ആത്മഹത്യാക്കുറിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. ഇരുവരുടെയും ഫോൺ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു സൗമിനി. അബിൽ ഒരു നഴ്‌സിങ് സർവീസ് ഏജൻസി നടത്തുകയായിരുന്നു. ഏജൻസി വഴിയുള്ള പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്. പ്രണയത്തിലായതിന് പിന്നാലെ ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും ഒരു ഫ്‌ളാറ്റിൽ താമസം തുടങ്ങിയത്.

കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്‌മെന്റിൽ നാലാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ഇവരുടെ മുറിയിൽ നിന്ന് പുക ഉയരുന്നത് അടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓടിക്കൂടിയ അയൽവാസികൾ ഫ്‌ളാറ്റിന്റെ വാതിൽ തകർത്ത് ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിൽ വച്ചും മരണപ്പെടുകയായിരുന്നു. പെട്രോളൊഴിച്ചാണ് ഇരുവരും തീ കൊളുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.