ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര എംപിക്കെതിരെ സിബിഐ അന്വേഷണം തുടങ്ങി. മഹുവയുടെ മുൻ സുഹൃത്ത് ആനന്ത് ദെഹദ്രായി നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും.

മഹുവയ്‌ക്കെതിരായ പരാതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പാർലമെന്റ് എത്തിക്‌സ് കമ്മറ്റിയും, ലോക്പാലും നേരത്തെ ശുപാർശ ചെയ്തിരുന്നു. അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനായി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് പരാതി. ദർശൻ ഹിരാനന്ദാനിക്ക് ചോദ്യങ്ങൾ അപ്ലോഡ് ചെയ്യാനായി ലോഗിൻ ഐഡിയും പാസ്വേഡും കൈമാറിയെന്ന് നേരത്തെ മഹുവ സമ്മതിച്ചിരുന്നു.

നേരത്തെ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികൾ പൂർത്തിയാകും മുൻപ് ഹിയറിങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും, അംഗമായ ഭരണപക്ഷ എംപി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്നുമായിരുന്നു മഹുവയുടെ ആരോപണം.

ലോക്പാൽ നിർദ്ദേശപ്രകാരമാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിനു ശേഷം മഹുവയ്ക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണോ എന്ന് സിബിഐ തീരുമാനിക്കും. പ്രാഥമിക അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യാനോ തിരച്ചിൽ നടത്താനോ സിബിഐക്ക് കഴിയില്ല. എന്നാൽ മഹുവയിൽനിന്ന് വിവരങ്ങൾ തേടാനോ ചോദ്യം ചെയ്യാനോ കഴിയും.

മൊയ്ത്രയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയാണു ലോക്പാലിനെ സമീപിച്ചത്. പണവും ഉപഹാരങ്ങളും വാങ്ങിയതിനു പ്രത്യുപകാരമായി പാർലമെന്റിൽ മഹുവ മൊയ്ത്ര ചില ചോദ്യങ്ങൾ ഉന്നയിച്ചു എന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് ദുബെ ലോക്പാലിനെ സമീപിക്കുകയായിരുന്നു. അഴിമതി വിരുദ്ധ അഥോറിറ്റിക്കു മുൻപാകെ സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദെഹാദ്റായ്യുടെ ഒരു കത്തും നിഷികാന്ത് ദുബെ ഹാജരാക്കി. മൊയ്ത്രയ്ക്കെതിരെ വ്യക്തമായ തെളിവുകൾ കത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാൻ മഹുവ മൊയ്ത്ര വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് 'കൈക്കൂലി' സ്വീകരിച്ചെന്നാണ് ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് പാർലമെന്റിൽ മഹുവയ്ക്കെതിരെ രംഗത്തുവന്നത്. ഇതിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിഷയം പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു.

ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനിക്ക് നൽകിയതായി മഹുവ വെളിപ്പെടുത്തിയിരുന്നു. ഇതു സാധാരണമാണെന്നും അവർ അവകാശപ്പെട്ടു. എന്നാൽ മഹുവ ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിൻ വിവരങ്ങൾ നൽകിയതെന്നു ദുബെ ആരോപിച്ചു. ഡൽഹി, ബെംഗളൂരു, സാൻഫ്രാൻസിസ്‌കോ തുടങ്ങി പലയിടങ്ങളിൽനിന്ന് ലോഗിൻ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും ദുബെ പറഞ്ഞു. മഹുവയെ പാർലമെന്റിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് നിലവിൽ ലോക്സഭാ സ്പീക്കറുടെ പരിഗണനയിലാണ്. ശൈത്യകാല സമ്മേളനത്തിൽ ഇതിന്മേൽ നടപടിയുണ്ടാവുമെന്നാണ് സൂചന.

മഹുവ മൊയ്ത്രയുടെ പാർലമെന്റ് ലോഗിൻ ഐഡി ദുബായ്ക്കു പുറമെ മറ്റു പലയിടങ്ങളിൽനിന്നും ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മഹുവ കൊൽക്കത്തയിലായിരുന്ന ദിവസം യുഎസിലെ ന്യൂജഴ്സി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങിൽനിന്ന് പാർലമെന്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്തതായാണ് വിവരം. 'ചോദ്യത്തിനു കോഴ' വിവാദത്തിൽ മഹുവയ്ക്കു നേരെ ഉയർന്ന ആരോപണങ്ങളിൽ കുരുക്ക് മുറുകുന്നതാണു പുതിയ വിവരങ്ങളെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.