കൊച്ചി: വിഴിഞ്ഞം തീരത്തുവെച്ചു ഹൊറോയിനും, എ.കെ-47തോക്കുമായി വന്ന ശ്രീലങ്കൻബോട്ട് പിടികൂടിയ കേസിൽ കഞ്ചാവും സ്വർണവുമായി മുഹമ്മദ് ഇല്യാസ് ചെന്നൈയിൽ എൻ.ഐ.എ സംഘത്തിന്റെ പിടിയിൽ. പ്രതിയിൽനിന്നും നിർണായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കൊച്ചിയിൽ നിന്നും മൂന്നു ദിവസം മുമ്പു ചെന്നൈയിലെത്തിയ എൻ.ഐ.എ സംഘം എട്ടിടങ്ങളിലാണു റെയ്ഡ് നടത്തിയത് ശ്രീലങ്കയിൽനിന്നും എത്തിച്ച മയക്കുമരുന്നുകളാണു പിടിയിലായ മുഹമ്മദ് ഇല്യാസിൽനിന്നും പിടികൂടിയത്. 2021 മാർച്ചിലാണ് ഹെറോയിനും എ.കെ. 47 തോക്കുമായി പോവുകയായിരുന്ന ശ്രീലങ്കൻബോട്ട് വിഴിഞ്ഞം തീരത്തിനടുത്തുവെച്ച് തീരരക്ഷാസേന പിടിച്ചെടുത്തത്. ഇതിനുസമാനമായി 2022 എൻ.ഐ.എ ഡൽഹി ഘടകം മറ്റൊരുകേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതോടനുബന്ധിച്ചുള്ള റെയ്ഡാണു കഴിഞ്ഞ ദിവസങ്ങളിലായി ചെന്നൈയിൽ നടന്നത്.

തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 82 ലക്ഷം രൂപയും 300 ഗ്രാം സ്വർണവും 10 കിലോഗ്രാം കഞ്ചാവുമാണു പിടിച്ചെടുത്തുത്. ശ്രീലങ്കൻ പൗരന്മാരുമായി ബന്ധമുള്ള വ്യക്തികളുടെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. വേളാച്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണ് സ്വർണവും പണവും പിടിച്ചത്. നിയമവിരുദ്ധമായി സൂക്ഷിച്ച 1000 സിങ്കപ്പൂർ ഡോളറും പിടിച്ചെടുത്തു.

വിഴിഞ്ഞത്തുവെച്ചു പിടികൂടിയ ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കക്കാരെ അറസ്റ്റുചെയ്യുകയും ഇവർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. വിദേശികൾ ഉൾപ്പെട്ട കേസായതിനാൽ അന്വേഷണം പിന്നീട് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റു ചിലരെക്കൂടി പിന്നീട് അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുകിട്ടിയ വിവരമനുസരിച്ചായിരുന്നു വ്യാഴാഴ്ചത്തെ റെയ്ഡ്.

ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്നും ആയുധങ്ങളും ഇറാനിൽ നിന്ന് ശ്രീലങ്കയിലേക്ക് കൊണ്ടുപോവുകയായിരുന്നൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽനിന്നും ഇപ്പോഴും വ്യാപകമായ മയക്കുമരുന്നുകൾ ചെന്നൈയിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം എൻ.ഐ.എക്കു ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നിന് പുറമെ സ്വർണവും ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്.

ഇവിടെ എത്തിക്കുന്ന വസ്തുക്കൾക്കു പകരം പണമായും വസ്ത്രങ്ങളായുമാണു സംഘം തിരിച്ചുകൊണ്ടുപോകുന്നതെന്നാണു അന്വേഷണോദ്യോഗസ്ഥർക്കു ലഭിച്ച വിവരം. ശ്രീലങ്കയിലെ വ്യാപാര മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘങ്ങളുടെ നേതൃത്വത്തിലാണു ഇത്തരത്തിൽ കടത്തിനു നേതൃത്വം നൽകുന്നതെന്നാണ് വിവരം. ശ്രീലങ്കൻ സ്വദേശികൾ സ്ഥിരമായി ചെന്നൈയിൽ വരുന്ന ഹോട്ടൽ, കടകൾ, വീടുകൾ എന്നിവിടങ്ങളിലാണു അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. കള്ളക്കടത്തിലൂടെ കിട്ടുന്ന പണം ശ്രീലങ്കയിൽ എൽ.ടി.ടി.ഇ.യെ പുനരുജ്ജീവിപ്പിക്കാൻ വിനിയോഗിക്കുന്നതായാണ് എൻ.ഐ.എ.യുടെ നിഗമനം