കൊച്ചി: സംസ്ഥാനത്തെ മയക്കു മരുന്ന് മാഫിയയുടെ ഇടപെടൽ അനുദിനം വർധിക്കുകയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ഇഷ്ടകേന്ദ്രമായി കൊച്ചി മാറുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇത് ശരിവെക്കും വിധത്തിലാണ് ദിവസം ചെല്ലും തോറും എംഡിഎംഎ കേരളത്തിലേക്ക് ഒഴുകുന്നത് ദൃശ്യമാകുന്നത്. ബംഗളുരുവിൽ നിന്നും എംഡിഎംഎ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിന് പിന്നിൽ അന്താരാഷ്ട്ര ബന്ധങ്ങളുള്ള മാഫിയ തന്നെ പ്രവർത്തിക്കുന്നു എന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നത്.

ഒടുവിൽ മയക്കമരുന്നു കടത്തിലെ വമ്പൻ കണ്ണിയെ പിടികൂടാൻ കേരളാ പൊലീസ് വിരിച്ച വലയിൽ ഒരു വമ്പൻ സ്രാവ് തന്നെ വീണു. കൊച്ചിയിലേക്ക് ലഹരി കടത്തുന്ന അഫ്രിക്കൻ മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. നൈജീരീയൻ സ്വദേശിയായ ഓക്കാഫോർ എസേ ഇമ്മാനുവലിനെയാണ് പിടികൂടിയത്. ആറു മാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎയാണെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ വിവിധ മാഫിയാ സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനകളാണ് വ്യക്തമായിരിക്കുന്നത്.

കഴിഞ്ഞ 20ന് കലൂർ സ്റ്റേഡിയത്തിന് സമീപത്തുവച്ച് രാത്രിയിൽ ഹാറൂൺ സുൽത്താൻ എന്നയാളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇയാളിൽ 102 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വൻ ലഹരിമാഫിയയുടെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തി. മാഫിയയുടെ മുഖ്യകണ്ണിയായ നൈജരീയൻ പൗരൻ ഓക്കാഫോർ എസേ ബംഗളൂരുവിലുണ്ടെന്ന് മനസിലാക്കിയ പാലാരിവട്ടം സിഐയും സംഘവും ബംഗളുരുവിലെത്തി.

ഡൽഹിയിൽ നിന്നും മറ്റും രാസവസ്തുക്കൾ എത്തിച്ച് ബംഗളുരുവിൽ നിന്നാണ് ഇയാൾ എംഡിഎംഎ നിർമ്മിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. ബംഗളരൂവിലെത്തിയ പൊലിസ് സംഘം ഇയാളുടെ സംഘാംഗങ്ങളായ മൂന്നുപേരെ പിടികൂടിയിരുന്നു. ഇത് മനസിലാക്കിയ എസേ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയിരുന്നു

ആഫ്രിക്ക കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി ഇടപാടിലെ മുഖ്യകണ്ണിയാണ് ഓക്കാഫോർ എസേ ഇമ്മാനുവൽ എന്ന് പൊലീസ് പറഞ്ഞു. അഫ്രി കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്ന സംഘം കേരളത്തിലെത്തിയെന്ന വിവരം നേരത്തെ ഇന്റലിജൻസിന് ലഭിച്ചിരുന്നു.