കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നളാണ് മരിച്ചതെന്നാണ് വിവരം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. എൻഎസ്എസ് കരയോഗത്തിന്റെ സ്ഥലത്താണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇവിടെ പടക്കം സൂക്ഷിക്കാൻ അനുമതി നൽകിയിരുന്നില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഉഗ്രസ്‌ഫോടനമാണ് ഉണ്ടായത്. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

പത്തരയോടെയാണ് അപകടമുണ്ടായത് അടുത്തുള്ള വീടുകളെല്ലാം തകർന്നു. ആദ്യഘട്ടത്തിൽ 25 വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 45 ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. അരക്കിലോമീറ്റർ ചുറ്റുപാടുള്ള വീടുകളെല്ലാം തകർന്ന നിലയിലാണ്. സമീപത്തെ ഇരുനിലവീടുകളുടെ മേൽക്കൂരകൾ വരെ തകർന്നു. കോൺഗ്രീറ്റുകൾ പൊട്ടിയകന്ന നിലയാണ്. വീടിന്റെ വാതിലുകളും ജനലുകളും തകർന്നു.

ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലലത്താണ പടക്കം സൂക്ഷിച്ചിരുന്ന് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നിടത്താണ് അപകടം. ആറു തവണ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. ഫയൽഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറി എന്നു മനസ്സിലാകുന്നത്.

സ്‌ഫോടനത്തിൽ ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. ആറുയൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.