കണ്ണൂർ: കണ്ണൂർജില്ലയിൽ ഒരാഴ്‌ച്ചയ്ക്കിടെ ഓൺലൈൻ തട്ടിപ്പിനിരയായത് രണ്ടു യുവതികൾ. ഇവരിൽ നിന്നും രണ്ടുലക്ഷം രൂപയോളം ഉത്തരേന്ത്യൻസംഘമെന്ന് സംശയിക്കുന്ന പ്രതികൾ തട്ടിയെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിൽ ഓൺ ലൈൻ സമ്മാനകൂപ്പണിന്റെ മറവൽ വീട്ടമ്മയിൽ നിന്നും ഒന്നേ കാൽലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി ന്യൂമാഹി പൊലിസ് അറിയിച്ചു പെരിങ്ങാടി സ്വദേശിനി ആമിനാനൗഷാദാണ് പരാതിക്കാരി.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ ആപ് ഹാക്ക്ചെയ്തു തട്ടിപ്പു നടത്തിയആളെ കുറിച്ചു പൊലിസിന് വിവരം ലഭിച്ചത്.1,27,100 രൂപ പരാതിക്കാരിക്ക് നഷ്ടമായതാണ് വിവരം. വഞ്ചനാകുറ്റത്തിനാണ് പൊലിസ് കേസെടുത്തത്. ന്യൂമാഹി ഇൻസ്പെക്ടർ പി.വി രാജന്റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ എസ്. ഐ മഹേഷ് കണ്ടമ്പേത്താണ് കേസ് അന്വേഷണം നടത്തിവരുന്നത്. മീഷോയെന്ന ഓൺലൈൻ പോർട്ടലിലൂടെ ഇടക്ക് സാധനങ്ങൾ വാങ്ങുന്നയാളാണ് പരാതിക്കാരി.

ഇവരുടെ പേരിൽ ഏതാനും ദിവസം മുമ്പ് ഒരു രജിസ്ട്രേഡ് കവർ വീട്ടിലെത്തിയിരുന്നു. തുറന്ന് നോക്കിയപ്പോൾ കണ്ട സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പൺ ചുരണ്ടി നോക്കിയപ്പോൾ 13, 50,000 രൂപ സമ്മാനമുണ്ടെന്ന് കണ്ടു. അതിൽ കാണപ്പെട്ട വാട്സ് ആപ് നമ്പറിൽ തെളിവുകൾ അയച്ചുനൽകിയപ്പോൾ മറുപടി മറ്റൊരു നമ്പറിൽ നിന്നുവന്നു. നിങ്ങളുടെ കൂപ്പൺ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നായിരുന്നു സന്ദേശം.

ആദ്യം ആവശ്യപ്പെട്ടത് സമ്മാനസംഖ്യയുടെ ഒരു ശതമാനം ഉടൻ അയക്കണമെന്നായിരുന്നു. പതിമൂന്നര ലക്ഷത്തിനായി വീട്ടമ്മ 14,000 മുതൽ 1,27,100 രൂപവരെ വിവിധ ഗഡുക്കളായി അയച്ചുനൽകിയെങ്കിലും ചുരണ്ടി കണ്ടെത്തിയ സമ്മാനം മാത്രം വന്നില്ല. വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് 1,21,500 രൂപ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നും താൻ വഞ്ചിക്കപ്പെട്ടതായും ഇവർ തിരിച്ചറിഞ്ഞത്.

തുടർന്ന് ന്യൂമാഹി പൊലീസിൽ പരാതി നൽകുകയായിരുന്നു. ന്യൂ മാഹി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ ആപ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ പയ്യന്നൂരിൽ ഇതിനു സമാനമായ സംഭവത്തിൽ മറ്റൊരുയുവതിക്കും പണം നഷ്ടമായി. ബാങ്ക് അക്കൗണ്ട് അപ്പ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചു കൊണ്ട് മൊബെൽ ഫോണിൽ വന്ന വ്യാജ ലിങ്കിൽ സ്പർശിച്ച യുവതിക്കാണ്് അക്കൗണ്ടിൽ നിന്ന് 99,999 രൂപ നഷ്ടമായത്. പയ്യന്നൂർ മമ്പലം സ്വദേശിനി ദീപയുടെ പണമാണ് നഷ്ടമായത്.

ഈക്കഴിഞ്ഞ നവംബർ 29നാണ് സംഭവം.എസ്.ബി.ഐ.യുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന വ്യാജ ലിങ്കിൽ ഒ.ടി പി.ഉൾപ്പെടെ നൽകിയതോടെയാണ്ബാങ്ക് അക്കൗണ്ടിൽനിന്നും 99,999 രൂപ നഷ്ടമായത്. പണം നഷ്ടമായതോടെ യുവതിബാങ്കിൽ പരാതി പറഞ്ഞിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് പരാതിയുമായി പൊലീസിലെത്തിയത്പയ്യന്നൂർ പൊലീസ് കേസെടുത്ത അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ ഓൺ ലൈൻ തട്ടിപ്പു നടത്തുന്ന സംഘത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലിസ് നൽകുന്ന വിവരം. എന്നാൽഇവർക്കു സഹായകരമായി ചില മലയാളികളും പ്രവർത്തിക്കുന്നുണ്ട്. ഇവരടങ്ങുന്ന വൻതട്ടിപ്പു സംഘത്തെ വലയിലാക്കാൻ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.