തിരുവനന്തപുരം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിടിയിലായത് തെങ്കാശിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേയാണ്. ചാത്തന്നൂർ സ്വദേശി പത്മകുമാറാണ് കേസിലെ മുഖ്യ സൂത്രധാരനെന്നാണ് പുറത്തുവരുന്ന വിവരം. ഇതേക്കുറിച്ച് കൂടുതൽ വ്യക്തത പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാകും. പത്മകുമാറും ഭാര്യയും മകളുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ നിർണായകമായി മാറിയത്.

മാധ്യമങ്ങൾക്ക് മുന്നിൽ ഏറെ ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, പിതാവിന് നേരിട്ടു സാമ്പത്തിക ഇടപാടുണ്ടോ എന്നതിൽ അടക്കം ഇനിയും വ്യക്തത വരാനുണ്ട്.

നീല കാറിലാണ് തന്നെ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്നതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് നീല കാറിനെ കുറിച്ചും അന്വേഷണം നടത്തി. 27ന് വൈകിട്ടാണ് ട്യൂഷൻ സെന്ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറിൽ തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്.

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു. സ്ത്രീയാണ് കുട്ടിയെ ഓട്ടോയിലെത്തിച്ചതെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും തെളിവായി കിട്ടി. ഇതോടെ നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാൻ സഹായിച്ചത്.

രേഖാ ചിത്രം പുറത്തുവന്നതോടെ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ. രേഖാചിത്രം പുറത്തുവന്നതോടെ തങ്ങളിലേക്ക് അന്വേഷണം എന്നാണ് പത്മകുമാർ മനസിലാക്കിയത്. ഇതോടെയാണ് ഭാര്യയും മകളുമായി സ്ഥലം വിടാൻ തീരുമാനിച്ചതും. എന്നാൽ, ഇതിനോടകം തന്നെ പൊലീസ് റഡാറിലായിരുന്നു പത്മകുമാർ.

നിരീക്ഷണത്തിലായിരുന്ന പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് തെങ്കാശിയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. മൊബൈൽ ഉപയോഗിക്കാത്തതിനാൽ അറസ്റ്റിലാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു സംഘം. ഭാര്യക്കും മകൾക്കും തട്ടിക്കൊണ്ടു പോകലിൽ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അറസ്റ്റുചെയ്യുന്നതായി കൊല്ലം കമ്മി ഷണറുടെ സ്‌ക്വാഡ് അറിയിച്ചപ്പോൾ ചെറുത്തുനിൽപ്പില്ലാതെ പ്രതികൾ കീഴടങ്ങി. കൊല്ലത്തെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഇടപാടാണ് പിന്നിലെന്ന് പൊലീസ് പറയുമ്പോഴും കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തുവരാനുണ്ട്.

കസ്റ്റഡിയിൽ എടുത്തവരെ അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു. ഇവിടേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പുളിയറയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് മൂന്നേകാലോടെയാണ് അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള നീല കാറിലും പൊലീസ് ജീപ്പിലുമായാണ് പ്രതികളെ കൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയ കേസിൽ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നൽകിയിരുന്നു. പ്രതികളിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. ക്യാമ്പിലെത്തിച്ച പ്രതികളിൽനിന്ന് കുറ്റസമ്മത മൊഴി ഉൾപ്പെടെ എടുക്കേണ്ടതുണ്ട്. ക്യാമ്പിലെത്തിച്ച പ്രതികളെ പൊലീസ് ഉടൻ വിശദമായി ചോദ്യം ചെയ്യും.

പട്ടാപ്പകൽ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയും പൊലീസും നാട്ടുകാരും ഉടൻതന്നെ വ്യാപക തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികൾക്ക് കൊല്ലം നഗരത്തിൽ എത്താൻ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യം ഉയർന്നിരുന്നു.

പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാൻ കഴിയാതിരുന്നതും കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനംപോലും കണ്ടെത്താൻ കഴിയാതിരുന്നതും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ എടുത്തുവെന്ന സുപ്രധാന വിവരം പുറത്തുവരുന്നത്.