ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ബുദ്ധികേന്ദ്രങ്ങളെ അടക്കം ദേശീയ അന്വേഷണ ഏജൻസി പൊക്കിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള വഴി തേടുകയാണ്. ഇന്ന് കേരളത്തിൽ നടത്തിയ ഹർത്താലിൽ നടന്ന വ്യാപക ആക്രമണങ്ങളും എൻഐഎക്ക് പിടിവള്ളിയാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇന്ന് നടന്ന വ്യാപക ആക്രമണം ചൂണ്ടിക്കാട്ടി താലിബാന്റെ തീവ്രത കേന്ദ്രസർക്കാറിനെ ബോധ്യപ്പെടുത്താനാണ് എൻഐഎ നീങ്ങുന്നത്. ബോംബാക്രമണം അടക്കം ഇന്ന് ഹർത്താലിനോട് അനുബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ഇതിൽ പലതും തീവ്രവാദ സ്വഭാവത്തുള്ളതാണെന്നാണ് എൻഐഎ വിലയിരുത്തുന്നത്.

ബസുകളും നിരത്തിലിറങ്ങുന്ന വാഹനങ്ങളും അടക്കം വ്യാപകമായി തകർക്കുകയായിരുന്നു ആക്രമികൾ. നിരവധി പേരെ പൊലീസ് പിടികൂടുകയും ചെയ്തു. വൻ നാശനഷ്ടങ്ങളാണ് ഇന്നത്തെ ഹർത്താൽ മൂലം ഉണ്ടായിരിക്കുന്നത്. കേരളത്തിലെ പൊലീസ് പലയിടത്തും പരാജയപ്പെടുന്ന കാഴ്‌ച്ചയും കേരളം കണ്ടു. ഹർത്താലിലെ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ കേരളാ പൊലീസിൽ നിന്നും തേടിയ ശേഷമായിരിക്കും എൻഐഎയും നടപടി.

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തീവ്രവാദ മാതൃകയിൽ ആണെന്നാണ് വിലയിരുത്തൽ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നല്കാനും ഒരുങ്ങുന്നണ്ട്. പിഎഫ്‌ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്‌ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകൾ കിട്ടിയതായും എൻഐഎ അവകാശപ്പെട്ടു.

അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിക്കുമെന്ന സൂചന നൽകി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി, നൈപുണ്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തുവന്നു. ആക്രമണം നടത്തുന്ന സംഘടനയാണ് തങ്ങളെന്ന് അവർ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊരു അവസാനമുണ്ടാകുമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

'ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ തെറ്റി. ചില വിഭാഗങ്ങൾക്കു നേരെ ആക്രമണം നടത്തുന്ന സംഘടനയാണ് പി എഫ് ഐ എന്ന് അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. അത് നിലനിൽക്കില്ല. അതിന് അവസാനമുണ്ടാകും. ഇത് ആധുനിക ഇന്ത്യയാണ്.' എന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് പറഞ്ഞിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്ന് കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പിഎഫ്‌ഐക്കെതിരെ രംഗത്തുവന്നു. ഭീകരവാദ സംഘടനകൾക്ക് പ്രവർത്തനാനുമതി നിഷേധിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നുണ്ട്. എൻ ഐ ഐ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും സംഘടനയുടെ ആവശ്യപ്രകാരമല്ല പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടി. കേന്ദ്രസർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

രാജ്യ വിരുദ്ധ പ്രവർത്തനത്തിന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രവർത്തകരെ പ്രേരിപ്പിച്ചുവെന്നും അൽഖ്വയ്ദ, ലഷ്‌കർ ഇ തെയ്ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രചോദനം നൽകിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. റെയ്ഡിൽ നേതാക്കളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കണമെന്ന ആവശ്യവും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകുമെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ഡൽഹിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിങ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്‌ഐ പണം ശേഖരിച്ചതിന്റെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും.

താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്കുന്നു എന്ന സൂചനയും ഈ അന്വേഷണത്തിൽ കിട്ടിയതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. റെയ്ഡിൽ ജിപിഎസ് സംവിധാനവും വയർലസ് സെറ്റുകളും പിടിച്ചെടുത്തു. കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നല്കുന്നത്.

ഡൽഹിയിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പടെ മൂന്ന് പിഎഫ്‌ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമിൽ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് ഐ നിരോധിക്കാൻ പുതിയ റിപ്പോർട്ട് എൻഐഎ കൈമാറും എന്നാണ് സൂചന. രണ്ടു തവണ ഇത്തരത്തിലുള്ള റിപ്പോർട്ട് എൻഐഎ നല്കിയിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ നിരോധനം കേന്ദ്രസർക്കാർ അലോചിക്കും എന്നാണ് ഉന്നതവൃത്തങ്ങൾ നല്കുന്ന സൂചന.