കൊല്ലം: കടയ്ക്കലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. അൻസിയ ബീവി എന്ന യുവതിയെയാണ് കൊട്ടരാക്കര ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പാങ്ങലുകാട്ടിൽ ലേഡീസ് സ്റ്റോർ നടത്തുകയാണ് അൻസിയ. കടയുടെ മുമ്പിൽ ആരെങ്കിലും വാഹനം നിർത്തിയാൽ ഇവർ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നത്രെ.

ഒരാഴ്ചക്ക് മുമ്പ് പെൺകുട്ടിയെ നടുറോഡിലിട്ട് അൻസിയ മർദിച്ചിരുന്നു. മർദിക്കുന്നത് മൊബൈലിൽ പകർത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ കമ്പി വടികൊണ്ട് തല്ലിയൊടിച്ചു. പെൺകുട്ടിയെ മർദിച്ചതിന് നേരത്തെ തന്നെ അൻസിയക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ, കൈ ഒടിഞ്ഞ ഓട്ടോ ഡ്രൈവർ വിജിത്തും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. മുമ്പ് കത്തിയുമായി റോഡിൽ അൻസിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. യുവതിയുടെ മകന്റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അൻസിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്. ഒരാഴ്ച മുൻപ് പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിൽ നടുറോഡിൽവെച്ച് ഏറ്റുമുട്ടിയിരുന്നു. അസഭ്യം വിളിച്ചു കൊണ്ട് പരസ്പ്പരം ആക്രമിക്കുകയായിരുന്നു യുവതികൾ.

ഈ സംഘർഷത്തിന്റെ വീഡിയോ വിജിത്ത് ഫോണിൽ പകർത്തിയെന്നായിരുന്നു അൻസിയയുടെ സംശയം. തുടർന്ന് ഇക്കാര്യം ചോദിക്കാനായി ചൊവ്വാഴ്ച അൻസിയ ഓട്ടോസ്റ്റാൻഡിലെത്തി. എന്നാൽ വീഡിയോ എടുത്തിട്ടില്ലെന്ന് യുവാവ് പറഞ്ഞു. എന്നാൽ, എന്നിട്ടും സംശയം തീരാതെ വന്നതോടെ യുവതി അക്രമാസക്തയാകുകയായിരുന്നു. അൻസിയ വിജിത്തിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു.

കമ്പിവടി കൊണ്ട് ഇടതുകൈ തല്ലിയൊടിച്ചശേഷം അൻസിയ തയ്യൽക്കടയ്ക്കുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ വിജിത്തിനെ സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് അൻസിയക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരാഴ്ചമുൻപുണ്ടായ സംഘർഷത്തിൽ രണ്ട് സ്ത്രീകളുടെ പരാതിയിലും ഇവർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, രണ്ടുതവണ കേസെടുത്തിട്ടും അക്രമം കാണിച്ച യുവതിക്കെതിരേ പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നു. സംഭവത്തിന് ഒടുവിലാണ് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്.