കണ്ണൂർ: ട്രെയിനിൽ പെരുമ്പാമ്പുകളെ കടത്തിയതിന് റെയിൽവേ കരാർ ജീവനക്കാരൻ പിടിയിൽ. നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസിൽ പ്ലാസ്റ്റിക് ബാഗിലാണ് നാലു പെരുമ്പാമ്പുകളെ കടത്തിയത്. സംഭവത്തിൽ എ ടു കോച്ച് ബെഡ് റോൾ കരാർ ജീവനക്കാരൻ കമൽകാന്ത് ശർമ (40)യെ റെയിൽവേ സുരക്ഷാസേന പിടികൂടി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പുകളെ കൈമാറുന്നന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാമ്പുകളെ വാങ്ങാനെത്തിയ ആളും പിടിയിലായി. പാമ്പുകൾക്ക് മൂന്നുലക്ഷം രൂപ വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആൾ പറഞ്ഞത്. ഇയാളെയും പാമ്പുകളെയും കോഴിക്കോട് ആർപിഎഫ് ഇൻസ്പെക്ടർക്ക് കൈമാറി.

ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ എ ടു കോച്ചിൽനിന്ന് പുറത്തുവന്ന കമൽകാന്ത് ശർമ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറി. ഇത് വണ്ടിയിലെ എസ്‌കോർട്ടിങ് എഎസ്ഐയും സംഘവും ശ്രദ്ധിക്കുന്നതുകണ്ടതോടെ വാങ്ങാൻ വന്നയാൾ മുങ്ങി. സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത്.

വസായി റോഡ് സ്റ്റേഷനിൽനിന്ന് ഒരാൾ അർബുദ ചികിത്സയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഏൽപ്പിച്ചതാണെന്നും, വാങ്ങാൻ കണ്ണൂർ സ്റ്റേഷനിൽ ആൾ എത്തുമെന്നുമാണ് പറഞ്ഞതെന്നും കമൽകാന്ത് ശർമ പൊലീസ് സംഘത്തോട് പറഞ്ഞു. ആർപിഎഫിന്റെ നിർദ്ദേശപ്രകാരം പൊലീസിനെ കണ്ട് മുങ്ങിയ വാങ്ങാൻ വന്നയാളെ ഫോണിൽ വിളിച്ച് കോഴിക്കോട് വന്നാൽ സാധനം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച് എത്തിയ ആളെ റെയിൽവേ പൊലീസ് പിടികൂടി.