പുനലൂർ(കൊല്ലം): പാവൂർഛത്രത്തിൽ റെയിൽവേ ഗേറ്റ് കീപ്പറായ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത് പെയിന്റ് പുരണ്ട ചെരുപ്പ്. ഈ ചെരുപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയും പെയിന്റിങ് തൊഴിലാളിയുമായ പുനലൂർ വെഞ്ചേമ്പ് പ്ലാവിള വീട്ടിൽ എം. അനിഷി(27)നെ പൊലീസ് പിടികൂടിയത്. ഇയാൾ മുമ്പും പീഡന കേസിൽ പ്രതിയായ വ്യക്തിയാണ്.

കൊല്ലം മുഖത്തല സ്വദേശിനിയായ 32 കാരിയെയാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ പാവൂർഛത്രം റെയിൽവേ ഗേറ്റ് റൂമിനുള്ളിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. സംഭവം സ്ഥലത്ത് നിന്നും പ്രതിയുടെ പെയിന്റ് പുരണ്ട ചെരുപ്പ് തെളിവായി ലഭിച്ചിരുന്നു. പെയിന്റിങ് തൊഴിലാളിയായ യുവാവിനെതിരെ മുമ്പ് നടന്ന ഒരു പീഡനത്തിന് കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ റിമാൻഡ് നിന്നും ഇറങ്ങിയ ശേഷം പാവൂർ സത്രത്തിൽ എത്തി പെയിന്റിങ് തൊഴിലിൽ ഏർപ്പെട്ടു വരികയായിരുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെങ്കാശി എസ്‌പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് ഇയാളെ കേരള- തമിഴ്‌നാട് അതിർത്തിയായ പുളിയറ ബസ് സ്റ്റാൻഡിൽ നിന്നും ഞായറാഴ്ച വൈകിട്ട് പിടികൂടിയത്. സംഭവം നടന്ന പാവൂർഛത്രം റെയിൽവേ ഗേറ്റിൽ പ്രതിയെ തിങ്കളാഴ്ച രാവിലെ എത്തിച്ചു തെളിവെടുത്തു.

മുമ്പ് 55 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ജയിലിൽനിന്ന് ഇറങ്ങിയിട്ട് ഒരു വർഷം തികയുന്നതിനു മുൻപാണ് ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുന്നിക്കോട് പൊലീസാണ് ഈ സംഭവത്തിൽ കേസെടുത്തത്. കേരളത്തിൽ നിന്നും പാവൂർസത്രത്തെത്തി വിവിധ തൊഴിലുകൾ ചെയ്തുവരികയായിരുന്നു അനീഷ്. ലെവൽ ക്രോസിൽ രാത്രിയിൽ വനിത മാത്രമെയുള്ളുവെന്ന് മനസിലാക്കിയതിന് ശേഷമാണ് കൃത്യത്തിന് മുതിർന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന് അനീഷ് ഗേറ്റ് കീപ്പറുടെ മുറിയിലെത്തി യുവതിയെ പിന്നിൽ നിന്നും കടന്നു പിടിക്കുകയായിരുന്നു. ബഹളമുണ്ടാക്കി ഇതിനെ എതിർത്തതോടെ യുവതിയെ അക്രമി ടെലിഫോൺ റിസീവർ കൊണ്ട് മുഖത്തും നെറ്റിയിലും ഇടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു.

തന്റെ പക്കലുള്ള സ്വർണം എടുത്തിട്ട് തന്നെ ഉപദ്രവിക്കാതെ വെറുതെ വിടണമെന്ന് അക്രമിയുടെ കാലിൽ പിടിച്ച് പറഞ്ഞെങ്കിലും പിന്മാറാൻ അയാൾ തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. വീണ്ടും റിസീവർകൊണ്ട് തലക്ക് അടിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി അക്രമിയെ തള്ളി മാറ്റി മുറിയിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഇതോടെ അനീസും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി. പരുക്കേറ്റ യുവതി തിരുനെൽവേലി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.