മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരിൽ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് കൊല്ലുമെന്നാണ് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ പറഞ്ഞത്. തുടർച്ചയാായി സൽമാൻ ഖാനെതിരെ വധഭീഷണികൾ ഉണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ വധഭീഷണിയിൽ മുംബൈ പെലീസ് അന്വേഷണം തുടങ്ങി.

ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രമായ 'കിസി കാ ഭായ് കിസി കി ജാന്റെ' പ്രമോഷനുകൾക്കിടയിലാണ് നടന് നേരെ ഭീഷണിയുയർന്നിരിക്കുന്നത്. '' ഇന്നലെ പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ, രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഏപ്രിൽ 30 ന് നടൻ സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു,' മുംബൈ പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസവും സൽമാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. യുകെയിൽ പഠിക്കുന്ന ഡൽഹി സ്വദേശിയായ 25കാരനാണ് ഇ-മെയിൽ ഭീഷണിപ്പെടുത്തിയത്. എന്നാൽ ഈ ഇ-മെയിൽ വിലാസം വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നിവരുമായോ മറ്റേതെങ്കിലും സംഘവുമായോ ഇയാൾക്ക് ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് താരത്തിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സുരക്ഷ ഏർപ്പെടുത്തിയത്.

കഴിഞ്ഞ വർഷവും സൽമാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുണ്ടായിരുന്നത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു. തോക്ക് കൈവശം വയ്ക്കാനും സൽമാന് മുംബൈ പൊലീസ് അനുമതി നൽകിയിരുന്നു.

1998-ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറൻസ് ബിഷ്ണോയി നടനെ വകവരുത്താൻ ശ്രമിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനിൽ എത്തിയതായിരുന്നു സൽമാൻ. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സൽമാനോടൊപ്പം ഉണ്ടായിരുന്നത്. ഇവരും സൽമാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്റ എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടു. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനർജ്ജന്മമായാണ് ഇവർ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവർ കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ബിഷ്ണോയികൾ ഇടപെടാറുണ്ട്.

1998 ഒക്ടോബർ 2 നാണ് സൽമാനെതിരേ ബിഷ്ണോയി വിഭാഗത്തിലുള്ള ഒരാൾ പൊലീസിൽ പരാതി നൽകുന്ന്. കൃത്യം പത്ത് ദിവസത്തിന് ശേഷം സൽമാൻ അറസ്റ്റിലാവുകയും ജാമ്യത്തിലറങ്ങുകയും ചെയ്തു. ഈ സംഭവവികാസങ്ങൾ നടക്കുമ്പോൾ ലോറൻസ് ബിഷ്ണോയ്ക്ക് വെറും അഞ്ച് വയസ്സുമാത്രമായിരുന്നു പ്രായം. ലോറൻസ് ബിഷ്ണോയി വളരുന്നതിനൊപ്പം അയാളിൽ സൽമാനോടുള്ള പകയും വർധിച്ചുകൊണ്ടേയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബിരുദത്തിന് കോളേജിൽ ചേർന്ന ലോറൻസ് ബിഷ്ണോയി പഠനം പൂർത്തിയാക്കിയില്ല. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചത് പിടിക്കപ്പെട്ടപ്പോൾ ഇയാൾ ഒന്നാം നിലയിലെ പരീക്ഷ ഹാളിൽ നിന്ന് ഉത്തരക്കടലാസുമായി നിലത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിയമപഠനത്തിന് ചേർന്ന് ലോറൻസ് ബിഷ്ണോയി കാമ്പസ് രാഷ്ട്രീയത്തിൽ സജീവമായി. ആ കാലഘട്ടത്തിൽ തന്നെയാണ് ഇയാൾ ഗോൾഡ് ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർ സിങ് എന്ന അധോലോകാംഗവുമായി ചങ്ങാത്തതിലാകുന്നത്. ഈ സൗഹൃദം ഇയാളെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ആകർഷിച്ചു. ഇതുതന്നെയാണ് 2010 മുതൽ ഇയാൾക്കെതിരേ വധശ്രമം, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി വിവിധ കേസുകൾ പൊലീസിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. നിയമ പഠനം പൂർത്തിയാക്കിയെങ്കിലും അധോലോക നായകനായി അറിയപ്പെടാനായിരുന്നു ലോറൻസ് ബിഷ്ണോയിയുടെ തീരുമാനം

കൃഷ്ണമൃഗ വേട്ട കേസിൽ ഇരുപത് വർഷങ്ങൾക്കിപ്പുറം 2018 ൽ സൽമാൻ ഖാൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂർ കോടതി സൽമാന് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ടു. സൽമാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അതേ സമയം നിയമവ്യവസ്ഥയിൽ വിശ്വാസമില്ലാത്ത ലോറൻസ് കൃഷ്ണമൃഗത്തെ കൊന്നതിന് താൻ സൽമാനോട് പകരം വീട്ടുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു. ഇത് ഇയാൾ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. സൽമാൻ ഖാനെപ്പോലെയുള്ള ഒരു പ്രമുഖ നടനെ ഭീഷണിപ്പെടുത്തുക വഴി തന്റെ പ്രശസ്തി വർധിപ്പിക്കാനാണ് ഇയാൾ ലക്ഷ്യമിടുന്നതെന്ന വാദവുമുണ്ട്. സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പൊലീസ് റെക്കോഡിലുണ്ട്.