മലപ്പുറം: തൊഴിലുറപ്പ് പ്രവർത്തിയിൽ സർക്കാർ ശമ്പളം വാങ്ങുന്ന സ്‌കൂൾ പ്രധാന്യാപകൻ കടന്നു കൂടി കൂലി വാങ്ങിയതു അധികൃതർക്കാർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എന്നാൽ സംഭവത്തിന്റെ പിന്നാമ്പുറക്കഥ ഞെട്ടിക്കുന്നതു തന്നെയാണ്. ജീവിക്കാൻ ഗതിയില്ലാത്തവർക്ക് കൊടുക്കേണ്ട പണം അദ്ധ്യാപകൻ കൈപ്പറ്റിയതു ഒരു ദിവസംപോലും കൂലിവേലചെയ്യാതെയാണെന്നാണു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഓംബുഡ്സ്മാൻ സി.അബ്ദുൽ റഷീദ് തെയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

എടയൂർ പഞ്ചായത്തിലെ 19-ാം വാർഡിൽ നടന്ന പ്രവൃത്തിയിൽ വടക്കുംപുറം എയുപി സ്‌കൂൾ പ്രധാനാധ്യാപകൻ വിപി അലി അക്‌ബറും മസ്റ്റർറോളിൽ ഒപ്പിട്ട് തൊഴിലുറപ്പ് കൂലി വാങ്ങിയെന്ന് ഇതിനോടകം തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സംഭവം പുറത്തുകൊണ്ടുവന്നതു വടക്കുംപുറം സ്വദേശിയായ എൻ. സോമസുന്ദരനാണ്. 22 ദിവസത്തെ തൊഴിലുറപ്പുകൂലിയായ 311 രൂപാവീതം മൊത്തം 6842രൂപയാണു എയ്ഡഡ് യു.പി. സ്‌കൂൾ പ്രധാനധ്യാപകനായ വിപി അലി അക്‌ബർ കൈപ്പറ്റിയത്. ഇയാളുടെ സ്വന്തം വീട്ടിൽ തൊഴിലുപ്പു തൊഴിലാളികൾ നടത്തിയ പ്രവൃത്തിയിൽനിന്നാണു തൊഴിൽചെയ്യാതെ രാവിലെ സ്‌കൂളിലേക്കു പോകുന്ന സമയത്തും ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വരുന്ന സമയത്തും മസ്റ്റർറോളിൽ ഒപ്പിട്ട് ഇത്തരത്തിൽ തുക കൈപറ്റിയത്.

അതേ സമയം പണം കൈപ്പറ്റിയ അലിഅക്‌ബർ മുസ്ലിംലീഗ് അദ്ധ്യാപക സംഘടനയുടെ നേതാവാണ്. അതോടൊപ്പം തന്നെ ഇയാളുടെ ജ്യേഷ്ട സഹോദര പുത്രനാണ് വാർഡംഗവും. ഇയാൾ എൽ.ഡി.എഫ് പ്രതിനിധിയുമാണ്. ഇതിനാൽ തന്നെ സംഭവം പുറത്തിറഞ്ഞാലും ആരും പരാതി നൽകില്ലെന്ന വിശ്വാസത്തിലായിരുന്നു അദ്ധ്യാപകൻ. എന്നാൽ നാട്ടിൽ കൂലിവേല ചെയ്തു ജീവിക്കുന്ന സോമസുന്ദരനാണു പ്രധാനധ്യാപകന്റെ ഈ തട്ടിപ്പു പുറത്തുകൊണ്ടുവന്നത്. നാട്ടിൽ തേപ്പ് ജോലിക്കുപോകുന്ന സോമസുന്ദരൻ പ്രാദേശികമായി പല കാര്യങ്ങളിലും വിവരാവകാശം വഴി വിവരങ്ങൾ പുറത്തുകൊണ്ടുവരാറുണ്ടായിരുന്നു. സമാനമായാണ് ഇക്കാര്യവും താൻ അന്വേഷിച്ചതെന്നു സോമസുന്ദരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് സോമസുന്ദരൻ പറയുന്നത് ഇങ്ങിനെയാണ്:

ഓൺലൈൻ ആപ്പു വഴി തൊഴിലുറപ്പു തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. ഈ രീതിയിലാണു പഞ്ചായത്തിൽ തൊഴിലുറപ്പു കാർഡുള്ളവരെ കുറിച്ചു താൻ വിവരങ്ങൾ ശേഖരിച്ചത്. ഈ സമയത്താണ് പ്രധാനധ്യാപകനായ അലിഅക്‌ബറിന്റെ പിതാവ് കുഞ്ഞാപ്പുഹജിയുടെ പേരും ഇതിൽ കണ്ടത്. കുഞ്ഞാപ്പുഹാജി വയോധികനും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവനുമായതിനാൽ എങ്ങിനെ ഈ ലിസറ്റിൽപെട്ടുവെന്നാണ് താൻ ആദ്യം ചിന്തിച്ചത്. തുടർന്നാണു ഇവർക്കു കീഴിൽ തൊഴിലുറപ്പു ചെയ്തവരെ കുറിച്ചു അന്വേഷണം നടത്തിയത്. അപ്പോൾ അലിഅക്‌ബറിന്റെ പേരും കണ്ടു.

ഇക്കാര്യം പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരോടു പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഇതോടെയാണു വിവരങ്ങൾ ആരാഞ്ഞ് പഞ്ചായത്തിന് ഒരു വിവരാവകാശം നൽകിയത്. ഇതിൽനിന്നാണു അലിഅക്‌ബർ പണംകൈപ്പറ്റിയതായി വ്യക്തമായത്. സർക്കാർ ശമ്പളം വാങ്ങുന്ന ഒരാൾ ഇത്തരത്തിൽ പണം വാങ്ങാൻ പാടില്ലെന്നതിന് പുറമെ സാമ്പത്തികമായ മുന്നോക്കം നിൽക്കുന്നവർ എങ്ങിനെ ഈ ലിസറ്റിൽപെട്ടുവെന്നും ചിന്തിച്ചു. തുടർന്നാണു ഓംബുഡ്മാന് താൻ പരാതി നൽകിയത്. ഇവർ കാര്യങ്ങൾ അന്വേഷിച്ചതിൽ വിവരങ്ങൾ ശേഖരിച്ചുവെന്നും സോമസുന്ദരൻ പറഞ്ഞു.

ഈവർഷം ജനുവരി 30നാണ് ഓംബുഡ്മാന് പരാതി ലഭിച്ചത്. അന്നേ ദിവസം തന്നെ ഏഴുദിവസത്തിനകം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് എതിർകക്ഷിയായ എടയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു പരാതിയുടെ പകർപ്പ് സഹിതം കത്തയച്ചു. തുടർന്നു പരാതിയിൽ വിശദീകരണമുണ്ടെങ്കിൽ ഏഴൂ ദിവസത്തിനകം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് രണ്ടാം എതിർകക്ഷിയായ അലിഅക്‌ബറിനും പരാതിയുടെ പകർപ്പോട് കൂടി കത്തയച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണു കൈപ്പറ്റിയ തുകയും ഈ കാലയളവിലെ നിയമാനുസൃതമായ പലിശയും ഈടാക്കി സർക്കാർ അക്കൗണ്ടിലേക്ക് തിരിച്ചടക്കാൻ ഓംബുഡ്മാൻ ഉത്തരവിട്ടത്.

ഓംബുഡ്മാന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങിനെയാണ്. അലിഅക്‌ബർ വടക്കംപുറം എ.യു.പിസ്‌കൂൾ ഹെഡ്‌മാസ്റ്ററായി ജോലിയ്യെുന്ന സ്ഥിരം ജീവനക്കാരനും സർക്കാറിൽനിന്നും നേരിട്ട് ശമ്പളംപറ്റുന്ന ആളുമാണ്. ഇയാൾ രേഖാമൂലം പണം കൈപ്പറ്റിയതിന് തെളിവുണ്ട്. മാസ്റ്റർറോറിൽ ഒപ്പിട്ട 22 ദിവസങ്ങളിൽ ഒരു ദിവസം ഞായറാഴ്‌ച്ചയാണ്. അന്നു പണി നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു ദിവസം പോലും അലിഅക്‌ബർ തൊഴിലുറപ്പ് ജോലി ചെയ്തിട്ടില്ലെന്നും രാവിലെ സ്‌കൂളിൽ പോകുമ്പോഴോ, ഭക്ഷണത്തിന് വീട്ടിൽ വരുമ്പോഴോ ആയിരുന്നു ഇയാൾ മസ്റ്റർറോളിൽ ഒപ്പുവെച്ചത്്. അന്യായത്തിനെതിരെ ഉറച്ചുനിന്നു നിശ്ചയ ദാർഢ്യത്തോടെ പോരാടിയ പരാതിക്കാരൻ സോമസുന്ദരനെ അഭിനന്ദിക്കുകയും ചെയ്തു.