കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത് അറസ്റ്റു ചെയ്യാനുള്ള നീക്കം തിരിച്ചറിഞ്ഞ്. മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചതെന്നാണ് വിശദീകരണം.

തൃശൂരിൽ പ്രധാനമന്ത്രി മോദി എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കൂടിയാണ് ഇത്. ഇതിനിടെയാണ് മാധ്യമ പ്രർത്തകയുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാനുള്ള നീക്കം തുടങ്ങിയത്. നേരത്തെ പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. പകരം ചോദ്യം ചെയ്യലിന് വിളിച്ചാൽ വരണമെന്ന നോട്ടീസ് നൽകി വിട്ടയച്ചു. ഇതിന് പിന്നിൽ ഭാവിയിൽ അറസ്റ്റു ചെയ്യാനുള്ള സാധ്യത തേടലാണെന്ന വിലയിരുത്തൽ ഉയർന്നിരുന്നു.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചുമലിൽ പിടിച്ചത്. ഒഴിഞ്ഞു മാറിയ ശേഷവും ഇത് ആവർത്തിച്ചപ്പോൾ മാധ്യമപ്രവർത്തക കൈ തട്ടി മാറ്റി. മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പർശിച്ചെന്ന് കാട്ടിയുള്ള പരാതിയിൽ 354 അ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.

കുറ്റപത്രത്തിൽ ഐപിസി 354ാം വകുപ്പ് കൂടി ഉൾപ്പെടുത്തുമെന്ന സൂചനകൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. തന്നെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഈ വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതിയുടെ അവധിക്കല ബെഞ്ച് ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ നിരീക്ഷണം നിർണ്ണായകമാകും. ഐപിസി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയാണ് കേസ്. ഒക്ടോബർ 27 നുണ്ടായ സംഭവത്തിൽ സുരേഷ്ഗോപി മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മന:പ്പൂർവ്വം സ്പർശിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പ് തള്ളിയ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. നടക്കാവ് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നൽകിയിരുന്നു. വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സംഭവത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

ലൈംഗിക ഉദ്ദേശ്യത്തോടുകൂടിയള്ള ബോധപൂർവമായ അതിക്രമം മാധ്യമ പ്രവർത്തകക്കെതിരെ സുരേഷ് ഗോപി നടത്തിയെന്നാണ് അന്വേഷണത്തിന് ശേഷം പൊലീസിന്റെ നിഗമനം. പരാതിയെ സാക്ഷ്യപ്പെടുത്തുന്ന രീതിയിൽ സാക്ഷിമൊഴിയും വീഡിയോ ദൃശ്യങ്ങളുടെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യ ചുമത്തിയ 354 എ വകുപ്പിന് പകരം ഐ പി സി 354 തന്നെ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. 2 വർഷം വരെ തടവും പിഴയും ലഭിക്കാനിടയുള്ള കുറ്റമാണിത്.

കേരള പൊലീസ് ആക്ടിലെ 119 എ വകുപ്പും കുറ്റപത്രത്തിലുണ്ടാകും. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറിയ കുറ്റമാണ് ഈ വകുപ്പിലുള്ളത്. അന്വേഷണം അവസാന ഘട്ടത്തിലാണന്നും കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നടക്കാവ് എസ്. ഐ ബിനു മോഹൻ വിശദീകരിച്ചിരുന്നു.