കൊച്ചി: തൃപ്പൂണിത്തുറയിൽ അനധികൃത പടക്കസംഭരണ ശാലയിൽ സ്‌ഫോടനത്തിന് വഴിവെച്ചത് അധികാരികളുടെ അനാസ്ഥയെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഫയർഫോഴ്‌സിനെയും പൊലീസിനെയും ജില്ലാഭരണകൂടത്തെയും എല്ലാം വെല്ലുവിളിച്ചു കൊണ്ടായിരുന്നു ഇവിടെ വെടിക്കെട്ട് നടത്താൻ തുനിഞ്ഞത് എന്ന വിവരമാണ് പുറത്തുവരുന്നത്. യാതൊരു അനുമതിയും കൂടാതെയായിരുന്നു ഇവിടെ വെടിക്കെട്ട് നടത്തിയത് എന്നാണ് വാർത്തകൾ. സ്‌ഫോടനത്തിൽ മരിച്ചത് തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കൾ കൊണ്ടുവന്ന സൂക്ഷിക്കാൻ വേണ്ടിയുള്ള യാതൊരു അനുമതിയും ഉണ്ടായിരുന്നില്ല. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ തെക്കുംപുറം എൻഎസ്എസ് കരയോഗം ഭാരവാഹികളുടെ നേതൃത്വത്തിൽ വെടിക്കെട്ട് നടത്തിയിരുന്നു. യാതൊരു വിധ അനുമതിയും കൂടാതെയായിരുന്നു ഇവിടെ വെടിക്കെട്ട് നടത്തിയത്. ഇതോടെ പൊലീസ് ഈ സംഭവത്തിൽ കേസെടുക്കുകയും ചെയ്തു.

എന്നിട്ടും വകവെക്കാതെ വടക്കുംപുറം കരയോഗത്തിന്റെ നേതതൃത്വത്തിൽ ഇന്ന് വൈകുന്നേരം വെടിക്കെട്ട് നടത്താൻ തുനിയുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് ഇന്ന് പൊട്ടിത്തെറി ഉണ്ടായത്. ഇതോടെ കരയോഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതര അനാസ്ഥയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. വീടുകൾ തിങ്ങി നിറഞ്ഞ മേഖലയിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതും വീഴ്‌ച്ചയായി കണക്കാക്കുന്നു.

പത്തരയോടെയാണ് അപകടമുണ്ടായത് അടുത്തുള്ള വീടുകൾ തകർന്നിട്ടണ്ട്. പടക്കപ്പുരയ്ക്ക് സമീപമുള്ള 25 വീടുകൾക്ക് കാര്യമായ തന്നെ കേടുപടുകൾ ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്‌ഫോടകവസ്തുക്കൾ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടക വസ്തുക്കൾ വാഹനത്തിൽ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പടക്കപ്പുരയിൽ ഉണ്ടായിരുന്നവർക്കും സ്ഫോടക വസ്തുക്കൾ ഇറക്കാൻ സഹായിച്ചവർക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ ദൂരം വരെ സ്‌ഫോടക വസ്തുക്കൾ തെറിച്ചുവീണു. സ്‌ഫോടക വസ്തുക്കൾ തെറിച്ച് വീണാണ് ചുറ്റുമുള്ള വീടുകളിൽ നാശനഷ്ടം സംഭവിച്ചത്. വീടുകളിൽ ചില്ലുകൾ തകരുന്ന സ്ഥിതി ഉണ്ടായി.

ചില്ല് തെറിച്ച് വീണ് വീടുകളിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ജനവാസകേന്ദ്രമാണ്. കൂടാതെ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നിരവധി ആളുകൾ ഉണ്ടായിരുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ പ്രകമ്പനം അനുഭവപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി.