കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത് അന്താരാഷ്ട്ര മാഫിയയെ കുടുക്കാന്‍. കേരളത്തില ആശുപത്രികളിലേക്കും അന്വേഷണം നീണ്ടേക്കും. ഇറാനിലുള്ള മലയാളിയെ ഉടന്‍ നാട്ടിലെത്തിക്കാനും ശ്രമിക്കും. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചതോടെയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

നിലവില്‍ ആലുവ റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. കേസില്‍ ഇതുവരെ 3 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതി ഇറാനിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് എന്‍ഐഎ കേസ് ഏറ്റെടുത്തിരിക്കുന്നത്. തൃശൂര്‍ സ്വദേശി സാബിത് നാസറാണ് കേസില്‍ ആദ്യം പിടിയിലാകുന്നത്. സാബിത്തിന് ഇറാനില്‍ ബന്ധങ്ങളുണ്ട്. ഈ കേസ് അന്വേഷണത്തിനിടെ കൊച്ചി കേന്ദ്രീകരിച്ചുള്ള മാഫിയാ വിവരങ്ങളും പുറത്തു വന്നു. ഈ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം നിര്‍ണ്ണായകമാണ്.

മുംബൈയില്‍ അറസ്റ്റിലായ മനുഷ്യക്കടത്തുകാരനില്‍ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ആദ്യം വിവരം കിട്ടുന്നത്. നിരന്തരം കൊച്ചി, കുവൈത്ത്, ഇറാന്‍ റൂട്ടിലായിരുന്നു സാബിത്തിന്റെ യാത്ര. വൃക്ക നല്‍കാന്‍ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. കേന്ദ്ര ഇന്റലിജന്‍സ് വിവരം കേരളാ പോലീസിന് കൈമാറി. അങ്ങനെയാണ് സാബിത്തിനെ നെടുമ്പാശ്ശേരിയില്‍ നിന്നും പിടികൂടിയത്. ഇറാനില്‍ കിഡ്‌നി വ്യാപാരം നിയമപരമാണെന്ന് വരുത്തിയായിരുന്നു എല്ലാം.

വൃക്ക നല്‍കുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകള്‍ തയാറാക്കിയായിരുന്നു ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയിരുന്നത്. വൃക്ക നല്‍കിക്കഴിഞ്ഞാല്‍ 6 ലക്ഷം രൂപയോളമാണ് ഇവര്‍ക്ക് നല്‍കുക. എന്നാല്‍ വൃക്ക സ്വീകരിക്കുന്നവരില്‍ നിന്ന് 1 കോടി രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു നീക്കങ്ങള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. രാജ്യത്തുടനീളം ഇവര്‍ക്ക് ബന്ധങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ ഇറാനിലെത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഷെമീറും ഇത്തരത്തില്‍ വൃക്ക നല്‍കിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനും ശ്രമം തുടങ്ങും മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദിനെ അന്വേഷക സംഘം അറസ്റ്റ് ചെയ്തിരുന്നു. പണം കൈകാര്യം ചെയ്തിരുന്നു എന്ന് കരുതപ്പെടുന്ന കൊച്ചി സ്വദേശിയും മധുവിന്റെ സുഹൃത്തുമായ സജിത് ശ്യാമും കുടുങ്ങി.

താന്‍ നിരപരാധിയാണ് എന്നാണ് സജിത്തിന്റെ വാദം. മെഡിക്കല്‍ ടൂറിസം ബിസിനസ് ചെയ്യുന്ന തനിക്ക് ചില ഇടപാടുകാരില്‍ നിന്ന് സാങ്കേതിക പ്രശ്‌നം മൂലം പണം സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ ആ പണം തന്റെ അക്കൗണ്ടില്‍ സ്വീകരിച്ച് മധുവിന്റെ 'സ്റ്റെമ്മ ക്ലബി'ന്റെ അക്കൗണ്ടിലേക്ക് അയച്ചു എന്നാണ് സജിത്ത് പറയുന്നത്. താന്‍ ഇതില്‍ നിന്ന് പണമൊന്നും ഈടാക്കിയിട്ടില്ല എന്നുമാണ് സജിത്തിന്റെ വാദം. ഇത് ശരിയാണെങ്കില്‍ സജിത്തിനേയും സംഘം ചതിച്ചുവെന്നാണ് വ്യക്തമാകുന്നത്.