കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടു പ്രതികൾ നൽകിയ ഹർജിയിലാണ് നടപടി. തിങ്കളാഴ്ച വരെയാണ് സ്റ്റേ. ഹർജിയിൽ സർക്കാരിനു നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മണ്ണാർക്കാട് എസ്സിഎസ്ടി കോടതി കഴിഞ്ഞയാഴ്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികൾ കൂറുമാറിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കി.

പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം 12 പ്രതികളിൽ ഒമ്പത് പേരും ഒളിവിൽ. പ്രതികളെ പിടികൂടുന്നതിനായി പൊലീസ്് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനിരിക്കേയാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

12 പ്രതികളിൽ മൂന്ന് പേരാണ് നിലവിൽ റിമാൻഡിൽ കഴിയുന്നത്. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി പി സി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി എംവി ജൈജുമോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീർ എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.

ഓഗസ്റ്റ് 20നാണ് മധു കൊലക്കേസിലെ 12 പ്രതികളുടെയും ജാമ്യം മണ്ണാർക്കാട് എസ് സി എസ്ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥകൾ നിരന്തരം ലംഘിച്ച് പ്രതികൾ കേസിലെ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ ശരിവെച്ചു കൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ചിലർ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

ഇനി വിസ്തരിക്കാനുള്ള ചില സാക്ഷികളെയും പ്രതികൾ ബന്ധപ്പെട്ടതിന് തെളിവുണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്.