ന്യൂഡൽഹി: ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും ആശ്വാസ വാർത്തകൾ. വന്യജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണായി പ്രഖ്യാപിച്ച വിധിയിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്താക്കിയതാണ് ബഫർസോൺ വിഷയത്തിൽ കുടുങ്ങിയ ജനതയ്ക്ക് ആശ്വാസം പകരുന്നത്.

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാർ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേരളം അടക്കം നൽകിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയിൽ ചൂണ്ടിക്കാട്ടി.

അപ്പോഴാണ് ഇളവ് പരിഗണിക്കാമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടത്. തിങ്കളാഴ്ച വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിസുപ്രീം കോടതി കഴിഞ്ഞവർഷം ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ബഫർ സോൺ നിർബന്ധമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

23 സംരക്ഷിത മേഖലകൾക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലലഭ്യത കുറവായതിനാൽ പരിസ്ഥിതിലോലമേഖല (ബഫർ സോൺ) എന്ന പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കി.വയനാട്, ഇടുക്കി കുമളി, മൂന്നാർ, നെയ്യാർ, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.