കൊച്ചി: ഭാര്യയെ ഭർത്താവ് മതം മാറ്റാൻ ശ്രമിക്കുന്നതായി പരാതിയിൽ അന്വേഷണം. ക്രിസ്ത്യൻ മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഹൈക്കോടതിയിൽ ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചപ്പോഴാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. തന്നെ നിർബന്ധിച്ച് വിവാഹം കഴിക്കുകയായിരുന്നു യുവാവ് എന്നാണ് യുവതി ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. പിന്നീട് താൻ വീട്ടുതടങ്കടലിൽ കഴിയേണ്ട സാഹചര്യം ഉണ്ടായെന്നുമാണ് എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് പരാതിയെ തുടർന്ന് ഹൈക്കോടതിയാണ് അന്വേഷണ പൊലീസിനോട് ക്രിസ്ത്യൻ യുവതിയുടെ മൊഴിയെടുക്കാൻ ആവശ്യപ്പെട്ടത്. ഭാര്യ സ്വന്തം വീട്ടിൽ പോയതിന് ശേഷം പിന്നീട് കാൺമാനില്ലെന്നാണ് ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസിലുള്ളത്. ഭാര്യയെ തിരിച്ചെത്തിക്കുന്നതിൽ കോടതിയുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

''ഭർത്താവിനെതിരെ യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഞങ്ങൾ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. ഭർത്താവ്, വീടിന് പുറത്ത് മറ്റാരോടും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു. ഹേബിയസ് കോർപ്പസിന് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് വ്യക്തമായതിനാലാണ് ഹൈക്കോടതി ഹർജി തള്ളിയത്.

ഭീഷണിയും ബലപ്രയോഗവും ഉണ്ടായോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്,'' ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2021 ഒക്ടോബർ 13 ന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നതെന്ന് കോടതിയിൽ ഭർത്താവ് സമർപ്പിച്ച വിശദാംശങ്ങൾ വ്യക്തമാക്കുന്നു. 2021 ഡിസംബർ 15-ന് മുത്തശ്ശിയെ കാണാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഭാര്യ തിരികെ സ്വന്തം വീട്ടിലേക്ക് പോയത്.

ക്രിസ്തുമസിന് ശേഷവും ഭാര്യ തിരിച്ചെത്തിയില്ലെന്ന് ഭർത്താവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ഭാര്യയുടെ സമ്മതമില്ലാതെ അവളുടെ പിതാവ് അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നായിരുന്നു ഭർത്താവിന്റെ ഹേബിയസ് കോർപ്പസ് ഹർജി. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് സംഘം യുവതിയെ സന്ദർശിച്ചപ്പോഴാണ് ഭർത്താവ് പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന് വ്യക്തമായത്.

ആലപ്പുഴയിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചെന്നും യുവതി മൊഴി നൽകി. യുവതിയുടെ മൊഴി കോടതിയിൽ സമർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജി തള്ളുകയാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആലപ്പുഴ സ്വദേശി തന്നെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞു. വിവാഹത്തിന് മുമ്പ് തന്നെ വീട്ടിൽ കൊണ്ട് പോയി പൂട്ടിയിട്ടു. വിവാഹത്തിന് സമ്മതിക്കുന്നതിന് വേണ്ടിയായിരുന്നു വീട്ടുതടങ്കടലിലാക്കിയത്.

രേഖകളിൽ യുവതിയുടെ പേര് 'സാറാബീവി' എന്ന് നൽകിയതിന് ശേഷമാണ് സ്‌പെഷ്യൽ മേരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം തന്നെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിന് വേണ്ടി ഭർത്താവ് നിരന്തരം നിർബന്ധിച്ചതായും യുവതിയുടെ മൊഴിയിൽ പറയുന്നുണ്ട്. നിരന്തരമായി മാനസികമായി പീഡിപ്പിച്ചതിനാലാണ് താൻ ഭർത്താവിന്റെ വീട് വിട്ട് ഇറങ്ങിയതെന്നും വന്നതെന്നും അവർ വ്യക്തമാക്കി.