ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജുവിനെ വിസ്തരിക്കേണ്ടത് ആവശ്യമണ്. തെളിവുകൾ ഹാജരാക്കുന്നത് തടയാൻ ദിലീപ് ശ്രമിക്കുന്നു. വിചാരണ നീട്ടാനെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതിൽ മൂന്നു പേരുടെ വിസ്താരം പൂർത്തിയായതായും സർക്കാർ അറിയിച്ചു. നാലു പേരെയാണ് കേസിൽ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീർക്കാനാവും. വിചാരണ നീട്ടാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന പ്രതി ദിലീപിന്റെ വാദത്തെ സർക്കാർ എതിർത്തു. അനാവശ്യ ക്രോസ് വിസ്താരം നടത്തി പ്രതിഭാഗമാണ് വിചാരണ ദീർഘിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

അതിനിടെ കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസത്തെ സാവകാശം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചു. ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, വിചാരണ എന്നു പൂർത്തിയാവും എന്ന് അറിയിക്കാൻ നിർദേശിച്ചിരുന്നു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരൻ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവരുടെയും ശബ്ദം തിരിച്ചറിയുകയാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം.

കാവ്യ ദിലീപിനെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ നമ്പർ ഉറപ്പാക്കാനാണ് അമ്മ ശ്യാമളയെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. മുൻ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമുണ്ട്. ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറൻസിക് ഉദ്യോഗസ്ഥർ ഓഡിയോ ക്ലിപ്പുകളുടെ നിജസ്ഥിതി പരിശോധിക്കാൻ വൈദഗ്ധ്യമുള്ളവരാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

പുതിയതായി 44 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ മിക്കവരും കേസുമായി ബന്ധമുള്ളവരല്ല. ചിലർ ഒരു തവണ വിസ്തരിച്ച് വിട്ടവരാണ്. എന്തിനാണ് ഇവരെ വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. വിചാരണ 6 മാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവെങ്കിലും 24 മാസമായിട്ടും തുടരുകയാണെന്ന് ദിലീപിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടിയിരുന്നു.