ന്യൂഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് മാറ്റി. അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.

അടുത്ത തവണ ഹർജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്‌ച്ച കൊണ്ട് ഒന്നും നടക്കില്ലെന്ന് വ്യക്തമാക്കി കോടതി ഈ കാര്യം അംഗീകരിച്ചില്ല. സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തിയാണ് രാജയെന്നും രേഖകൾ പരിശോധിക്കാതെ ഹൈക്കോടതി നടപടിയെന്നും രാജയ്ക്കായി മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ, അഭിഭാഷകൻ ജി പ്രകാശ് എന്നിവർ വാദിച്ചു.

മതം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട രേഖകൾ രാജ കോടതിയിൽനിന്ന് മറച്ചുവച്ചെന്ന് എതിർ സ്ഥാനാർത്ഥിയായ ഡി. കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നടന്ദർ ഹൂഡാ, അഭിഭാഷകൻ അൽജോ കെ. ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. 1950 മുൻപ് സംസ്ഥാനത്തേക്ക് കുടിയേറിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാമെന്ന 1986 ലെ സംസ്ഥാനസർക്കാർ ഉത്തരവ് ഈ വിധി വഴി ഹൈക്കോടതി റദ്ദാക്കിയെന്നും സംസ്ഥാനസർക്കാർ കക്ഷിയല്ലാത്ത കേസിൽ അതിര് കടന്ന നടപടിയാണ് ഹൈക്കോടതി നടത്തിയതെന്നും എ രാജയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

രാജയുടെ വിവാഹം ക്രിസത്യൻ ആചാരപ്രകാരമാണ് നടന്നതെന്ന് എതിർഭാഗം വാദം ഉന്നയിച്ചു. എന്നാൽ രാജയുടെ അഭിഭാഷകർ ഇതിനെ എതിർത്തു. രേഖകളിൽ ഹിന്ദുവാണെങ്കിലും രാജ ജീവിക്കുന്നത് ക്രിസ്തു മത വിശ്വാസപ്രകാരം ആയിരിക്കാമെന്ന് ജസ്റ്റിസ് സുധാൻഷു ദുലിയ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ എതിർത്തു. തന്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരം. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ അപ്പീലിൽ ആവശ്യപ്പെടുന്നത്.

സംവരണ സീറ്റായ ദേവികുളം നിയോജക മണ്ഡലത്തിൽ വിജയിച്ച അഡ്വക്കേറ്റ് എ രാജ സംവരണത്തിന് അർഹനല്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാർ നൽകിയ ഹർജിയെ തുടർന്നാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. ഇതിനെതിരെയാണ് രാജാ സുപ്രീംകോടതിയെ സമീപിച്ചത്. ഡി കുമാറും സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകിയിരുന്നു.

1950 നു മുമ്പ് സംസ്ഥാനത്തെത്തിയവർക്ക് സംഭരണത്തിന് അവകാശമുണ്ടെന്ന് ഇരിക്കെ 50ന് മുമ്പ് തന്റെ കുടുംബം മൂന്നാറിൽ എത്തിയതിന് വ്യക്തമായ രേഖകൾ ഉണ്ടായിട്ടും സ്വന്തമായി ഭൂമിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്തതെന്നാണ് രാജിയുടെ വാദം. മാത്രവുമല്ല രേഖകൾ വ്യക്തമായി പരിശോധിക്കാതെയാണ് വിധിപ്രസ്താവമെന്നും രാജ സുപ്രീംകോടതി അറിയിച്ചു.