കിളിമാനൂർ: ബന്ധുവിന്റെ മരണത്തിന് എത്തിച്ച റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ചുകടന്നു. ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കിളിമാനൂർ പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മടവൂർ പുലിയൂർകോണം സഫിയ മൻസിലിൽ ഷാജിത്താണ് പൊലീസിനെ വെട്ടിച്ചുകടന്നത്.

ശനിയാഴ്ച രാത്രി 10-നായിരുന്നു സംഭവം. പ്രതിയുടെ വല്യമ്മയുടെ മകളുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനായി പൊലീസ് അകമ്പടിയോടെ കൊണ്ടുവന്നപ്പോഴാണ് പൊലീസിനെ വെട്ടിച്ച് മുങ്ങിയത്. സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രതിയുടെ വിലങ്ങഴിക്കുമ്പോഴാണ് കൊണ്ടുവന്ന പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വധശ്രമക്കേസിൽ ആറ്റിങ്ങൽ കോടതിയിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. കോടതിയിൽ അപേക്ഷ നൽകിയതിനെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കുന്നതിന് അനുവാദം നൽകിയിരുന്നു.

എ.ആർ. ക്യാമ്പിൽനിന്നുള്ള പൊലീസുകാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. സംസ്‌കാരച്ചടങ്ങിനിടയിൽ വിലങ്ങഴിച്ചുനൽകണമെന്ന പ്രതിയുടെ ആവശ്യത്തെത്തുടർന്നാണ് പൊലീസ് വിലങ്ങഴിച്ചു മാറ്റിയത്. ഉടൻ പൊലീസിനെ വെട്ടിച്ച് ഇയാൾ ഓടിരക്ഷപ്പെട്ടു. പൊലീസുകാരും കൂടെ ഓടിയെങ്കിലും ഇയാളെ പെട്ടെന്നു കാണാതായി. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തിരച്ചിലിനു നേതൃത്വം നൽകി. സമീപത്തെ വീട്ടിലെ ടെറസിനു മുകളിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ രണ്ടരമണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി പിടികൂടി.