കൊട്ടാരക്കര: ഉമ്മൻ ചാണ്ടിക്കെതിരേ സമൂഹമാധ്യമങ്ങളിൽ മോശം പരാമർശം നടത്തിയ നടൻ വിനായകനെതിരെ കെ.ബി.ഗണേശ് കുമാർ എംഎ‍ൽഎ. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാൻ സമൂഹത്തിൽ ഒരുപകാരവുമില്ലാത്തയാൾക്ക് അർഹതയില്ലെന്നും സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ അത്തരം പരാമർശങ്ങൾ നടത്താൻ സാധിക്കൂ എന്നും ഗണേശ് കുമാർ എംഎ‍ൽഎ. പറഞ്ഞു.

ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. പൊലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കിൽ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും എംഎ‍ൽഎ. കൂട്ടിച്ചേർത്തു. വളരെ ദൗർഭാഗ്യകരവും കേരള സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയുമില്ല, അർഹതയുമില്ല.

സംസ്‌കാരശൂന്യനായ ഒരാളെ കൊണ്ടേ അത് സാധിക്കൂ. മദ്യപിച്ചും ലഹരിമരുന്നുകൾക്ക് അടിമപ്പെട്ടും വൃത്തികേടുകൾ പറയുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം. പൊലീസ് കേസെടുത്തില്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തിൽ ഇടപെടണം, എംഎ‍ൽഎ. വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിനായകനെതിരേ പൊലീസ് കേസെടുത്തിരുന്നു.

വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. ഡി.സി.സി. ജില്ലാ ജനറൽ സെക്രട്ടറി അജിത് അമീർ ബാവ, എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനൽ നെടിയതറ എന്നിവരാണ് വിനായകനെതിരേ സെൻട്രൽ എ.സി.പി. സി. ജയകുമാറിനും നോർത്ത് സ്‌റ്റേഷൻ ഇൻസ്‌പെക്ടർക്കും പരാതിനൽകിയത്.