പാലക്കാട്: സിക്കിമിൽ സൈനിക വാഹനം മറിഞ്ഞ് മരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. രാത്രി ഒൻപതരയോടെ ആണ് മൃതദേഹം ചെങ്ങണിയൂർ കാവിലെ വീട്ടിൽ എത്തിച്ചത്. നാളെ രാവിലെ എട്ട് മണിവരെ വീട്ടിലും തുടർന്ന് ചുങ്കമന്നം എ യു പി സ്‌കൂളിലും പൊതു ദർശനമുണ്ടാകും. തുടർന്ന് സൈനിക ബഹുമതികളോടെ തിരുവില്വാമല ഐവർ മഠത്തിൽ സംസ്‌കരിക്കും.

പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിൽ എത്തിച്ച വൈശാഖിന്റെ മൃതദേഹം റോഡ് മാർഗമാണ് പാലക്കാടക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ വെച്ച് മന്ത്രി എംബി രാജേഷ് എം എൽ എ ശാഫി പറമ്പിൽ, പാലക്കാട് എസ്‌പി ആർ വിശ്വനാഥ് എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ബംഗാളിൽ 221 ആർട്ടിലറി രജിമെന്റിൽ നായികായിരുന്ന വൈശാഖ്, എട്ട് വർഷം മുമ്പാണ് സേനയിൽ ചേർന്നത്. ഗീതയാണ് ഭാര്യ. തൻവിക് ആണ് മകൻ.

ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനിൽ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. സേമ മേഖലയിലെ മലമുകളിൽ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.