തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഞ്ചാവ് കണ്ടെടുത്ത കേസിൽ പാളയം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് - പി എസ് സി കെ എ പി 4 ബറ്റാലിയൻ പരീക്ഷാ തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതി നസീമടക്കം 6 പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സിറ്റി പൂജപ്പുര പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി നസീം, സജികുമാർ , വിനു എന്ന തടി വിനു , ബിനോയി എന്ന കൊച്ചു ബിജു , സുരേഷ്, അനസ് എന്നിവരെ 1 മുതൽ 6 വരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

2019 ഒക്ടോബർ 18ന് വൈകിട്ട് 5 മണിക്ക് ആളെണ്ണി പ്രതികളെ സെല്ലിൽ കയറ്റി സെല്ലുകൾ ലോക്ക് അപ്പ് ചെയ്ത ശേഷമാണ് സംഭവം നടന്നത്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് - പി എസ് സി പരീക്ഷാ തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതി നസീം ജയിലിൽ റിമാന്റ് തടവുകാരനായി കഴിയവയേയാണ് സംഭവം.

ജയിലിൽ ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം വ്യാപകമാവുന്നുണ്ടെന്ന പരാതിയിൽ ജയിൽ അഡീ. ഡി ജി പിയുടെ നിർദ്ദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. പരിശോധനയിൽ കഞ്ചാവിന് പുറമേ ബീഡിയും മറ്റു പുകയില ലഹരിയുൽപ്പന്നങ്ങളും കണ്ടെത്തിയിരുന്നു. കഞ്ചാവ് കൈവശം വച്ച് കണ്ടെത്തിയവരുടെ പേരു വിവരങ്ങൾ ജയിൽ അധികൃതർ പൂജപ്പുര പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.