തിരുവനന്തപുരം: വാൻ സീറ്റിനടിയിൽ വിൽപനക്കായി 15 കിലോ കഞ്ചാവ് കടത്തിയ ബീമാപള്ളി ബദരിയ നഗർ കഞ്ചാവ് കടത്ത് കേസിൽ പൂന്തുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒരു കിലോയ്ക്ക് മേലുള്ള വാണിജ്യ അളവിലുള്ള കഞ്ചാവ് മയക്കുമരുന്നായതിനാൽ ഫയലിങ് കോടതിയായ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതികളായ മുട്ടത്തറ പെരുനല്ലി ചന്തക്ക് സമീപം പുതുവൽപുത്തൻവീട്ടിൽ പ്രമോദ് (23), പൂന്തുറ ബരിയ നഗർ മിൽ കോളനി നിവാസി അബ്ദുള്ള (25) എന്നിവരെ ഒന്നും രണ്ടും പ്രതി ചേർത്തുള്ളതാണ് പൊലീസ് കുറ്റപത്രം.

2022 ഡിസംബർ 12 ന് ബദരിയ നഗറിൽവച്ചാണ് വാനിൽ നിന്ന് വിൽപനക്കായി കൊണ്ടുവന്ന 15 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രമോദിനെ സ്‌പോട്ട് അറസ്റ്റ് ചെയ്തുവെന്നും കൂട്ടാളി അബ്ദുള്ള കൃത്യ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടുവെന്നുമാണ് കേസ്. 2022 ഡിസംബർ 14 നാണ് അബ്ദുള്ള കോവളത്തു നിന്നും പൂന്തുറ പൊലീസിന്റെ പിടിയിലായത്.

ശംഖുംമുഖം അസി. കമീഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദേശപ്രകാരം പൂന്തുറ എസ്.എച്ച്.ഒ പ്രദീപ് ജെ, എസ്‌ഐ അരുൺകുമാർ വി.ആർ, എഎസ്ഐ സുധീർ, എസ്.സി.പി.ഒ ബിജു ആർ. നായർ, സി.പി.ഒമാരായ ശ്യാം ബാനു, രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.