രാജകുമാരി: റേഷനരി തിന്നാൻ വേണ്ടി വീട് തകർത്ത് അകത്ത് കടന്ന് അരി കൊമ്പൻ. ആനയുടെ കൊ്പിൽ നിന്നും വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ആനയിറങ്കൽ ശങ്കരപാണ്ഡ്യമെട്ടിലെ മുരുകനും ഭാര്യ പാണ്ഡിയമ്മയും താമസിച്ചിരുന്ന വീടാണ് അരി കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാൻ വ്യാഴാഴ്ച രാത്രി പത്തരയോടെ തകർത്തത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം റേഷനരി ഒറ്റയാൻ അകത്താക്കിയതായി മുരുകൻ പറഞ്ഞു.

ശങ്കരപാണ്ഡ്യമെട്ടിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ ഏലം കൃഷി ചെയ്യുന്ന മുരുകനും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീടിന് നേരെയാണ് ഒറ്റയാന്റെ അക്രമമുണ്ടായത്. പുറത്ത് ശബ്ദം കേട്ട് മുരുകനും ഭാര്യയും ടോർച്ച് തെളിച്ച് നോക്കിയപ്പോൾ ഒറ്റയാൻ വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് വീടിന്റെ പിൻ വശത്തെ വാതിൽ തുറന്നു മുരുകനും പാണ്ഡിയമ്മയും പുറത്തേക്ക് ഓടി രക്ഷപെട്ടതിനാലാണ് ജീവൻ തിരിച്ചു കിട്ടിയത്.

സമീപത്തു താമസിക്കുന്ന വനം വകുപ്പ് വാച്ചർ വിജയകുമാറും നാട്ടുകാരും എത്തി പടക്കം പൊട്ടിച്ചാണ് ഒറ്റയാനെ തുരത്തിയത്. മൺ ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീടും തകര മേൽക്കൂരയും ഒറ്റയാൻ തകർത്തു. ഈ വർഷം അരി കൊമ്പൻ 2 തവണ ആനയിറങ്കലിലെ റേഷൻ കട തകർത്ത് അരിയും ആട്ടയും തിന്നു.