നെടുങ്കണ്ടം: ആവശ്യമായ നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടും വാഹനത്തിന് ഫിറ്റ്‌നസ് നൽകിയില്ലെന്നാരോപിച്ച് വാഹനം ഓഫീസിന് മുന്നിൽ ഉപേക്ഷിച്ച് ഉടമയുടെ പ്രതിഷേധം.കുത്തിയിരിപ്പ് പ്രതിഷേധം ഫലം കണ്ടപ്പോൾ മണിക്കൂറുകൾക്കൊടുവിൽ അധികൃതർ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി.ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് ഓഫിസിലായിരുന്നു സൂര്യനെല്ലി തിരുവള്ളൂർ കോളനിയിൽ ശരവണ കുമാറിന്റെ (35) പ്രതിഷേധം.

സംഭവം ഇങ്ങനെ..കഴിഞ്ഞ വർഷമാണ് ശരവണ കുമാർ 2011 മോഡൽ കാർ വാങ്ങിയത്. കാറിന് മാസം 12,000 രൂപയാണ് വായ്പ തിരിച്ചടവ്.സംസ്ഥാനത്തിനകത്തും പുറത്തുമായി ഓട്ടം പോയാണ് ഈ തുക അടച്ചിരുന്നത്. വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് മോട്ടർ വാഹന വകുപ്പിന്റെ സുരക്ഷാ മിത്രയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നു കാണിച്ചാണു മോട്ടർ വാഹന വകുപ്പ് സർട്ടിഫിക്കറ്റ് നൽകാത്തത്.നെടുങ്കണ്ടത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെസ്റ്റ് നടത്തി പണം അടച്ച ശേഷവും സിഎഫ് നൽകാൻ നടപടി സ്വീകരിച്ചില്ലെന്നാണു ശരവണകുമാറിന്റെ പരാതി.

തുടർന്നു ശരവണ കുമാർ മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിന്റെ മുന്നിലിരുന്നു പ്രതിഷേധിച്ചു.തുടർന്നു നടത്തിയ ചർച്ചകൾക്കൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെ മോട്ടർ വാഹന വകുപ്പ് സിഎഫ് തയാറാക്കി നൽകി. ഇതോടെ ശരവണ കുമാർ സമരം അവസാനിപ്പിച്ചു വാഹനവുമായി മടങ്ങി.

ടാക്‌സി വാഹനങ്ങളെ നിരീക്ഷിക്കാനുള്ള ജിപിഎസ് സംവിധാനം മോട്ടർ വാഹനവകുപ്പിന്റെ സുരക്ഷാ മിത്രയുമായി ലിങ്ക് ചെയ്യാത്തതിനാലാണ് വാഹനത്തിനു സിഎഫ് നൽകാതിരുന്നതെന്നു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.