കൊച്ചി: യുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ. വടക്കേക്കര കുഞ്ഞിത്തൈ പൊയ്യാത്തുരുത്തി വീട്ടിൽ ആഷിക് (25) ഇയാളുടെ പിതാവ് ജോൺസൻ (48) ആഷിക്കിന്റെ സുഹൃത്ത് വടക്കേക്കര പട്ടണം ചെറിയ പറമ്പിൽ വീട്ടിൽ സുജിത്ത് (26) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്.

ഇരുചക്ര വാഹനത്തിൽ പട്ടണത്തുള്ള യുവതിയുടെ വീട്ടിലെത്തിയ സംഘം യുവതിയെ അസഭ്യം പറയുകയും വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ അമ്മ ഇത് തടയാൻ ശ്രമിച്ചെങ്കിലും ആഷിക് കത്തിയുമായി അമ്മയെ ആക്രമിക്കുകയും ഇത് തടഞ്ഞ യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാർക്കുനേരെയും ഇയാൾ കത്തി വീശി. ഇൻസ്‌പെക്ടർ വി സി സൂരജ്, സബ് ഇൻസ്‌പെക്ടർ എം.എസ്.ഷെറി, ഏ.എസ്‌ഐമാരായ എം.എ.ജോസി, ടി.എസ്.ഗിരീഷ്, പി.കെ.ഷൈൻ എസ്.സി.പി.ഒ മാരായ എംഎ സെബാസ്റ്റ്യൻ, റോബർട്ട് ഡിക്‌സൻ സി പി.ഒ മാരായ ടി.എസ്.ദിൽരാജ്, എം.ജി.ദിലീഷ്, ഷിതു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.