കൊച്ചി: തിരുവനന്തപുരം മേയറുടെ കത്തു വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ. കത്ത് വിവാദത്തിൽ മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം.

ജോലി മറിച്ചുനൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹരജിയിലുണ്ട്. മേയറുടെ കത്തിനൊപ്പം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. കത്ത് വിവാദത്തിൽ മേയർ ആര്യാരാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. കോർപ്പറേഷനിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി. കോർപ്പറേഷൻ കവാടത്തിൽ പ്രതിഷേധം തുടരുകയാണ്.

അതേസമയം, മേയർ രാജിവെക്കില്ലെന്നാവർത്തിച്ച് സിപിഎം. ക്രൈംബ്രാഞ്ചിന് ഉടൻ മൊഴി നൽകുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.മൊഴിയെടുക്കാൻ സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് തന്റെ മൊഴി എടുക്കുന്നത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞുമൊഴിയെടുക്കാൻ സമയം ചോദിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി കൊടുക്കും.പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളിൽ അറിയിക്കാമെന്ന് ആനാവൂർ നാഗപ്പൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.

നഗരസഭയിൽ സമരം പ്രതിപക്ഷത്തിന്റെ ആവശ്യവും അവകാശവുമാണ്.മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങൾ ജനങ്ങളോട് കാര്യം പറയും.വിവാദ കത്തിൽ എഫ്‌ഐആർ ഇടാത്തതിനെ കുറിച്ച് അറിയില്ല. പാർട്ടി അന്വേഷണത്തിൽ ഇപ്പോഴും അദ്ദേഹം കൃത്യമായ വിവരം നൽകിയില്ല.അന്വേഷണം ഉണ്ടാകും എന്ന് അദ്ദേഹം ആവർത്തിച്ചു .

ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കൗൺസിലർ ഡി.ആർ.അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. അനിൽ ഉൾപ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ശുപാർശ കത്ത് എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകാനായി തയ്യാറാക്കിയ കത്താണ് ഇപ്പോൾ പ്രചരിക്കുന്നത്.