കോഴിക്കോട്: കണ്ണൂരിൽ നവകേരള ബസിന് നേരേ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത് രക്ഷാപ്രവർത്തനമാണെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. ഈ രക്ഷാപ്രവർത്തനം തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതായാലും യാത്രയ്ക്ക് എതിരെ പ്രതിപക്ഷ യുവജനസംഘടനകളുടെ കരിങ്കൊടി കാണിക്കൽ അടക്കം പ്രതിഷേധം കനത്തതോടെ, പൊലീസ് കരുതൽ തടങ്കൽ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കോഴിക്കോട് മുക്കത്ത് ചായ കുടിക്കാൻ ഇറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തരെ വരെ കയ്യോടെ പൊക്കി കരുതൽ തടങ്കലിലാക്കി. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പി സരിൻ ഇട്ട കുറിപ്പ് ഇങ്ങനെ:

മുഖ്യമന്ത്രി തമ്പ്രാൻ എഴുന്നള്ളുന്ന ദിവസം പുറത്തിറങ്ങാൻ പറ്റില്ലേ?
ചായ കുടിക്കാൻ ഹോട്ടലിൽ കയറിയ മുക്കം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ലെറിനെയും കാരശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാനിബിനെയും അന്യായമായി അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കി.ഇതെന്തൊരു കാട്ടുനീതിയാണ്?

ബൈജു ഏമാന്റെ കോഴിക്കോട്ടെ പൊലീസേ, ഇനിയും എത്ര പേരെ നിങ്ങൾ തടങ്കിലാക്കും ?
ജാഥ തെക്കോട്ട് ഇറങ്ങും തോറും ഞങ്ങൾ വടക്കോട്ട് എടുപ്പിക്കും

ശ്വാസം മുട്ടിച്ച് കൊന്നാലും തെരുവിൽ സമരസപ്പെടുകയില്ലെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

എനിക്ക് ശ്വാസം മുട്ടുന്നു കഴുത്തീന്ന് വിട് സാറെ' എന്ന് പറയുന്നത് ഏതേങ്കിലും കൊടും കുറ്റവാളിയല്ല, ഒരു സമരനായകനാണ്. ഒരു കുറ്റവാളിയോടു പോലും ചെയ്യാൻ പാടില്ലാത്ത ക്രൂരത ഒരു സമരക്കാരനോട് ചെയ്തത് ഒരു ഉദ്യോഗസ്ഥ താല്പര്യമല്ല സർക്കാർ അജണ്ടയാണ്.

ജോയൽ ആന്റണി എന്ന KSUക്കാരനെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കുന്ന കൈകൾ DCP K E ബൈജുവിന്റേതാണെങ്കിലും മനസ്സും ചിന്തയും പിണറായി വിജയന്റേത് തന്നെയാണ്. വിജയന്റെ ഭാഷയിലെ രക്ഷാപ്രവർത്തനമാണ് ബൈജുവും ചെയ്തിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ആ കലാപാഹ്വാന പ്രസംഗത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടു തന്നെയാണ് പൊലീസും DYFI തെമ്മാടിക്കൂട്ടവും സമരക്കാർക്ക് നേർക്ക് ഈ ക്രിമിനൽ പ്രവർത്തി തുടരുന്നത്.

മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ കണ്ണൂരിലെ പൊലീസ് സ്റ്റേഷൻ മാർച്ചിന്റെയും തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് മാർച്ചിന്റെയും തുടർ യൂത്ത് കോൺഗ്രസ്സ് സമരങ്ങളുണ്ടാവുക തന്നെ ചെയ്യും .ശ്വാസം മുട്ടിച്ച് കൊന്നാലും തെരുവിൽ സമരസപ്പെടുകയില്ല

അതേസമയം, ഫറോക്ക് ചുങ്കത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിലായി. ബേപ്പൂർ മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരുതൽ തടങ്കൽ. ഉല്ലാസ് രാമനാട്ടുകാര, ജിനീഷ് മുല്ലശ്ശേരി, ഷാജഹാൻ, അലി എന്നിവരെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതിനിടെ, മാനിപുരത്ത് നവകേരള ബസിന് നേരെ യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എംപി.സി ജംഷിദിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. രാവിലെ മുക്കത്തെ നവകേരള സദസ്സ് പരിപാടി കഴിഞ്ഞ് കൊടുവള്ളി മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് ഈ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥരോ സുരക്ഷാ സന്നാഹമോ ഉണ്ടായിരുന്നില്ല.

അതിനിടെ മുക്കത്തെ നവകേരള സദസ്സ് നടക്കുന്ന സ്ഥലത്തും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് കരുതൽ തടങ്കലിലാക്കുകയും ചെയ്തു.

കൊടുവള്ളിയിലെ പാർട്ടി പ്രവർത്തകരെയും പൊലീസ് പിടികൂടി കരുതൽ തടങ്കലിലാക്കി. കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ജലീൽ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലായത്. ബലം പ്രയോഗിച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.

നേരത്തേ പ്രതിഷേധിക്കാനിറങ്ങിയ ഒട്ടേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കട്ടയാട്ട് അടക്കമുള്ളവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചവരാണ് അറസ്റ്റിലായത്.

ഇന്നലെ നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. നവകേരള സദസ്സിനോടനുബന്ധിച്ച് കോഴിക്കോട് ചേളന്നൂർ ഏഴേ ആറിൽ, അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി.നിയോജക മണ്ഡലം പ്രസിഡന്റ് പി.ആഷിഖ്, മണ്ഡലം പ്രസിഡന്റ് അജൽ ദിവാനന്ദ്, വൈസ് പ്രസിഡന്റ് ഇ.അശ്വിൻ, മുൻ ബ്ലോക്ക് സെക്രട്ടറി പി.എം.അനസ്, മണ്ഡലം സെക്രട്ടറി എൻ.അരുൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഏഴേ ആറിൽ കടയ്ക്ക് സമീപം ഇരിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരിയിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.