കാസർഗോഡ്: നവകേരള സദസിൽ മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കുമൊപ്പം യുഡിഎഫ് നേതാക്കൾ വേദി പങ്കിട്ടത് വിവാദവും വിമർശനവും. നവ കേരള യാത്രയിൽ മഞ്ചേശ്വരം പൈവള്ളിക ഉദ്ഘാടന വേദിയിലെ ജനപ്രവാഹം കണ്ട് ഞെട്ടിയ യുഡിഎഫ് നേതൃത്വത്തെ ആശങ്കയിലാക്കിയാണ് മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടത്. ജില്ലയിൽ തന്നെ ഏറ്റവും പ്രമുഖരായ നേതാക്കളാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തോടൊപ്പം ഉള്ള ചർച്ചക്കായി എത്തിയത്. ഇവർ മുഖ്യമന്ത്രിയുമായി വേദി പങ്കിടുകയും ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗവും ജില്ലാ നേതാവായ എൻ എ അബൂബക്കർ ഹാജി, അസ്ലം പടിഞ്ഞാറ് യുകെ യൂസുഫ് തുടങ്ങിയവരും മത നേതാക്കളും മുഖ്യമന്ത്രിയുമായി പ്രഭാത ചർച്ചയിൽ ഏർപ്പെട്ടു.

മുൻ കാസർകോട് ജില്ലാ കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ ഫണ്ട് റെയ്‌സർമായ സി ബി ഹനീഫ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ മറ്റുള്ള രാഷ്ട്രീയപാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ കുറെ കാലമായി കോൺഗ്രസിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഹനീഫ്.

കോൺഗ്രസിന്റെ ഗ്രൂപ്പ് കളിയും, മത ജാതി വംശീയ ചേരി തിരിവും മതനിരപേക്ഷ നിലപാട് പുലർത്തുന്ന ഹനീഫിനെ പാർട്ടിയിൽ നിന്നകറ്റി. ഹനീഫ് മാത്രമല്ല നിരവധി പ്രവർത്തകരാണ് നവ കേരള യാത്ര കടന്നുപോകുന്ന വേദിയിലെത്തി സിപിഐ എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ സന്നദ്ധരായി മുന്നോട്ടുവരുന്നത്. ഇതുയുഡിഎഫ് നേതൃത്വത്തെ വലിയ രീതിയിലാണ് ആശങ്കയിലാഴ്‌ത്തുന്നത്.

ജില്ലയിലെ യുഡിഎഫ് എംഎൽഎമാർ പരിപാടി ബഹിഷ്‌കരിക്കണമെന്ന് വാർത്താസമ്മേളനം വിളിച്ച് ആഹ്വാനം ചെയ്തിട്ടും പ്രവർത്തകർ ഇത് നിരാകരിക്കുന്ന സമീപനമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. നവകേരള യാത്രയുടെ രണ്ടാം ദിവസം കടന്നു പോകുമ്പോൾ സംഘാടന മികവിൽ ജില്ലാ ഭരണകൂടത്തെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നു.

അതേസമയം, ഉച്ചയൂണായായാലും പ്രഭാതഭക്ഷണം ആയാലും മുസ്ലിം ലീഗ് ബഹിഷ്‌കരിച്ച നവ കേരള സദസ്സിൽ യുഡിഎഫ് നേതാക്കൾ എത്തിയത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് യൂത്ത് ലീഗ് നേതാവ് അഷറഫ് എടനീർ പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയാണ് തന്റെ പ്രതികരണം ഇദ്ദേഹം വ്യക്തമാക്കിയത്.

വിമർശനവുമായി സമസ്തയും

അതേസമയം, നവകേരള സദസിനെതിരെ സമസ്ത രംഗത്ത് എത്തി. സദസ് ആരെ കബളിപ്പിക്കാനാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ലോക്‌സഭ തിരെഞ്ഞെടുപ്പ് ലക്ഷ്യംവെക്കുന്നതാണ് പരിപാടിയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് നവകേരള സദസെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

കർഷക ആത്മഹത്യ നടക്കുമ്പോഴും നിത്യ ചെലവിന് വഴികണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും 100 കോടിരൂപ ചെലവിട്ട് എന്തിനാണ് ജനസദസ്സെന്നും സമസ്ത വിമർശിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള കൺകെട്ട് വിദ്യയെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.