കണ്ണൂർ: പാർട്ടിക്കായി രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ ക്വട്ടേഷൻ സംഘങ്ങളെ പൂർണമായി അകറ്റിനിർത്താൻ സി.പി. എം തീരുമാനം. വഴിതെറ്റി നടക്കുന്ന ഇവരുമായി യാതൊരു ബന്ധവും പാടില്ലെന്നു പ്രാദേശിക ഘടകങ്ങൾക്കു സി.പി. എം നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.

പാർട്ടി അച്ചടക്കം മറന്ന് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും കൊള്ളകൾക്കും പലരും നേതൃത്വം നൽകുന്നത് തീരാതലവേദനയായതിനെ തുടർന്നാണ് സി.പി. എം നയംമാറ്റം. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കുന്നതും തുടർഭരണത്തിന്റെ ശോഭ കെടുത്താതിരിക്കുവാനുമാണ് പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുള്ളത്. ഇനി അഥവാ പാർട്ടിക്കായി നടത്തുന്ന പ്രതിരോധങ്ങൾ നടത്തേണ്ട സാഹചര്യമുണ്ടായാൽ അതുപൂർണമായി പാർട്ടി പ്രവർത്തകർ തന്നെ കൈക്കാര്യം ചെയ്യണമെന്നും അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ സഹായം ഇതിനായി തേടരുതെന്നും നിർദ്ദേശമുണ്ട്.

ഒരുകാലത്ത് പാർട്ടിക്കായി കൊല്ലാനും ചാവാനുമായി ആയുധമേന്തിയ ചാവേറുകളെ സി.പി. എം കൈയൊഴിയുന്നതോടെ ഇവർ മറുപാളയങ്ങളിൽ ചേക്കേറുമെന്ന ആശങ്കയുണ്ട്. എന്നാൽ ഇത്തരക്കാരെ അടുപ്പിക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് ബിജെപിയും കോൺഗ്രസും. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വങ്ങൾ രഹസ്യമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ ആർ. എസ്. എസ് കണ്ണൂരിൽ ഇത്തരമൊരു നിലപാടു സ്വീകരിക്കുകയും രാഷ്ട്രീയ കൊലപാതകങ്ങളെ സംരക്ഷിക്കില്ലെന്ന നിലപാടു സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇത്തരം അക്രമങ്ങൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ബിജെപിയുടെ തലയിൽ വീഴുകയായിരുന്നു.

സമാധാന അന്തരീക്ഷം നിലനിൽക്കുമ്പോൾ തലശേരിയിൽ നടന്ന ഒരു അരുംകൊലയുടെ ഉത്തരവാദിത്വം ആർ. എസ്. എസ് ഏറ്റെടുക്കാതിരിക്കുകയും പ്രതികളായവർക്ക് നിയമസഹായമുൾപ്പെടെ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബിജെപി നേതൃത്വവുമായി അസ്വാരസ്യമുണ്ടായിരുന്നു. കേരളത്തിൽ സി.പി. എമ്മുമായി കായികപരമായി പോരാട്ടത്തിനിറങ്ങുന്നത് ആർ. എസ്. എസ് ദേശീയ നേതൃത്വത്തിനും തീരെ താൽപര്യമില്ലാത്ത വിഷയങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെ സ്വയം സേവകരിൽ ഒരാളും ഇത്തരം അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന നിർദ്ദേശവും നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ജയിലിൽ കിടക്കുമ്പോൾ പോലും സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാവുകയും ജയിൽ സുരക്ഷയെ പോലും വെല്ലുവിളിക്കുകയും ചെയ്ത രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളെ കൈയൊഴിയാൻ സി.പി. എമ്മും തീരുമാനിച്ചത്. കണ്ണൂരിൽ കാപ്പ കേസിൽ കുടുങ്ങി നാടുകടത്തപ്പെട്ടവരിൽ സി.പി. എമ്മിനായി ക്വട്ടേഷൻ പണിയെടുത്ത സംഘങ്ങളുമുണ്ട്. ഇതുപാർട്ടിക്കുള്ളിൽ പ്രാദേശിക തലങ്ങളിൽ പൊട്ടിത്തെറിയുണ്ടായെങ്കിലും ഉരുക്കുമുഷ്ടിയുമായി മുൻപോട്ടു പോവുകയാണ് സി.പി. എം നേതൃത്വവും മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പും.

കണ്ണൂരിൽ ബിജെപി- സി.പി. എം സംഘർഷം നിലച്ചതോടെയാണ് രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ പെരുവഴിയിലായത്. ഇതോടെ പാർട്ടിസംരക്ഷണവും ഇവർക്ക് ലഭിക്കാതെയായി. നിലനിൽപ്പിനായാണ് ഈ സംഘങ്ങളിൽ ചിലർ സ്വർണം പൊട്ടിക്കൽ, കുഴൽപണക്കാരെ തട്ടിയെടുക്കൽ, ബ്ളേഡ് മാഫിയ സംഘത്തിനായി പണംപിരിക്കൽ, മയക്കുമരുന്ന് കടത്തൽ എന്നിവയിൽ ഏർപ്പെട്ടത്. ഇതോടെയാണ് പാർട്ടി കൈയൊഴിഞ്ഞ ഇവർ പൊലിസിന്റെ നോട്ടപുള്ളികളായി മാറിയത്.

ഒരുകാലത്ത് സി.പി. എമ്മിനായി രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്ത കൊടിസുനിയുൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തെയാണ് സി.പി. എം ഇപ്പോൾ തള്ളിപ്പറയുന്നത്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ തന്നെതാളം തെറ്റിച്ചുകൊണ്ടാണ് ഇവർ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്നത്. വിയ്യൂരെന്ന സംസ്ഥാനത്തെ അതീവസുരക്ഷയുള്ള ജയിലിൽ നിന്നും ജയിൽവാർഡന്മാരുമായി ഏറ്റുമുട്ടുകയും തിരുവനന്തപുരം സ്വദേശികളായ തടവുകാരുമായി സംഘർഷമുണ്ടാക്കുകയും ചെയ്ത കൊടി സുനി ജയിൽ വകുപ്പിനു തന്നെ തലവേദനയായി മാറിയിരിക്കുകയാണ്.

എന്നാൽ തനിക്ക് മാരകമായി അക്രമത്തിൽ പരുക്കേറ്റെന്നും ജയിൽവാർഡന്മാർ കണ്ണിൽ മുളകുപൊടിയെറിഞ്ഞു കസേരയിൽ അതിനിഷ്ഠൂരമായി മർദ്ദിച്ചുവെന്നുമാണ് കൊടി സുനിയുടെ വാദം. സംസ്ഥാനത്തിന്റെ ജയിൽ വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് തടവുപുള്ളികൾ ജയിൽ വാർഡന്മാരെ ഓഫീസിൽ കയറി അതിമാരകമായി മർദ്ദിച്ചു അവശരാക്കുന്നത്. കൊടി സുനിമാത്രമല്ല ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ ടി.കെ രജീഷും ശിക്ഷിക്കപ്പെട്ടതുമുതൽ ജയിൽ വകുപ്പിന് തലവേദനയായി മാറിയരിക്കുകയാണ്.

പരോൾ ഇറങ്ങിയപ്പോൾ കള്ളത്തോക്കു ഇടപാടു നടത്തിയതിന് മാസങ്ങൾക്കു മുൻപാണ് കർണാടക പൊലിസ് കണ്ണൂർ സെൻട്രൽ ജയിലിലെത്തി ടി.കെ രജീഷിനെ അറസ്റ്റു ചെയ്തു കൊണ്ടു പോയത്. കിർമാണി മനോജ്, മുഹമ്മദ് ഷാഫി, ഷനോജ് തുടങ്ങിയ ടി.പി വധക്കേസിലെ പ്രതികൾ പരോളിലിറങ്ങി നിയമലംഘനം നടത്തുന്നത് ആഭ്യന്തരവകുപ്പിനെയും പൊലിസിനെയും വെള്ളം കുടിപ്പിക്കുന്നുണ്ട്. സ്വന്തം വീടുപോലെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കൊടി സുനി ജയിലിനകത്തു കിടന്ന് സ്വർണം പൊട്ടിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.

ഈ സാഹചര്യത്തിൽ തങ്ങൾക്കു വേണ്ടി കൊല്ലാനും ചാവാനും നടന്നവരെ എവിടെ ഒളിപ്പിക്കണമെന്ന ആശങ്കയിലാണ് സർക്കാരും സി.പി. എമ്മും. എന്നാൽ അതിസുരക്ഷയുള്ള വിയ്യൂർ ജയിലിനകത്തു ബോധപൂർവ്വം അക്രമം അഴിച്ചുവിടുകയാണ് കൊടി സുനി ചെയ്തതെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് തടസമായ വിയ്യൂരിൽ നിന്നും മാറാനുള്ള ആസൂത്രിതമായ നാടകത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിവരം. രോഗി ഇ്ചഛിച്ചതും പാല്, വൈദ്യൻ കൽപ്പിച്ചതും പാലെന്ന ചൊല്ലുപോലെ വിയ്യൂരിൽ നിന്നും മലപ്പുറം തവനൂർ ജയിലിലേക്ക് കൊടി സുനിയെ മാറ്റിയിട്ടുണ്ട്. ഉത്തരമേഖലാ ജയിൽ ഡി. ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

വിയ്യൂരിൽ കൊടിസുനിയുടെ നേതൃത്വത്തിൽ നടന്ന ഏറ്റുമുട്ടൽ അതിസുരക്ഷയുള്ള ജയിലിൽ നിന്നും മാറാനുള്ള തന്ത്രമാണോയെന്നു ജയിൽ അധികൃതരും പൊലിസ് സംശയിക്കുന്നുണ്ട്. കൊടിസുനിയും കൂട്ടാളികളും നടത്തിയ ഏറ്റുമുട്ടലിന്റെ അത്യന്തിക ഫലം ജയിൽ മാറ്റം തന്നെയാണെന്നാണ് വിലയിരുത്തൽ. കലാപത്തിൽ പങ്കാളികളായ താജുദ്ദീൻ, ഷഫീഖ്, എന്നിവരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും ചിഞ്ചുമാത്യു, ഗുണ്ട് അരുൺ എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. തവനൂരിലെ ജയിലിലുണ്ടായിരുന്ന ടിറ്റോജറോമിനെയും കണ്ണൂരിലേക്ക് മാറ്റിയിട്ടുണ്ട്. കൊടി സുനിയുടെ കൂട്ടാളിയായിരുന്ന ടിറ്റോയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിനാലാണ് കഴിഞ്ഞ ദിവസം ഇയാളെ തവനൂരിൽ നിന്നും മാറ്റിയത്.