ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീളുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിച്ച് പുനർവിചാരണ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 41 പേരെ കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിലെ നിലപാട് രേഖാമൂലം രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കാൻ സുപ്രീം കോടതി എട്ടാം പ്രതി ദിലീപിനോട് നിർദ്ദേശിച്ചു.

കേസിന്റെ വിചാരണ കഴിവതും ജനുവരി 31-നകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ജനുവരി 19-ന് 41 പേരെ കൂടി വിസ്തരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതി ജഡ്ജിക്ക് കത്ത് നൽകിയതായി ദിലീപിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇതിൽ പലരെയും ഒരിക്കൽ വിസ്തരിച്ചതാണ്. പലരെയും വീണ്ടും വിസ്തരിക്കുന്നത് എന്തിനാണെന്ന് കോടതിയോട് പോലും പറഞ്ഞിട്ടില്ലെന്നും റോത്തഗി ആരോപിച്ചു. തുടർന്നാണ് വിസ്തരിച്ചവരെ വീണ്ടും വിസ്തരിച്ച് കേസിൽ പുനർവിചാരണ നടത്താൻ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

അതേസമയം വിസ്താരത്തിന് പ്രോസിക്യൂഷൻ എടുക്കുന്ന സമയത്തിന്റെ ഇരട്ടിയാണ് ദിലീപിന്റെ അഭിഭാഷകർ എതിർ വിസ്താരത്തിന് എടുക്കുന്നതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആരോപിച്ചു. ഇതിനിടെ കേസിലെ ഒരു സാക്ഷിയുടെ വിസ്താരത്തിന് വിചാരണ കോടതി ജഡ്ജി തിരുവനന്തപുരത്ത് പോകാമെന്ന് അറിയിച്ചിട്ടും ഹൈക്കോടതി അത് വിലക്കിയതായി റോത്തഗി സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.

പുതിയ സാക്ഷികളെ വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട എതിർപ്പ് എഴുതി നൽകാൻ ദിലീപിനോട് കോടതി നിർദ്ദേശിച്ചു. കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിചാരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപാണ് സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിളിച്ച് വരുത്തുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ തടസപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ നടപടികൾ നീളാതിരിക്കാൻ കേസിൽ ഒരു തവണ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസിൽപ്പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ ഉദ്യോഗസ്ഥൻ നിലവിൽ ഡിജിപി റാങ്കിൽ ആണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ദിലീപ് ആരോപിക്കുന്നു.

ദിലിപീന്റെ മുൻ ഭാര്യയായ മഞ്ജു വാര്യറിന്റെ സാക്ഷി വിസ്താരം ഫെബ്രുവരി 16 ന് നടക്കാനിരിക്കേയാണ് ഹർജി സുപ്രീംകോടതിയിൽ എത്തിയത്. ഈ വിഷയത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും. കേരളത്തിൽ നടക്കുന്ന മാധ്യമവിചാരണക്കെതിരേയും നേരത്തെ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ വാർത്തകൾ നൽകി ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടി പൂർത്തിയാകുന്നതുവരെ കോടതിയിൽ നടക്കുന്ന വാദങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും രഹസ്യ വിചാരണയെന്ന കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

ദിലീപ് നൽകിയ ഹർജി ആദ്യം പരിഗണിച്ചപ്പോൾ കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അന്വേഷണത്തിന് ഒടുവിൽ പൊലീസ് റിപ്പോർട്ടർ ടിവി എംഡി നികേഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ വിചാരണ പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നികേഷ് കുമാർ പ്രവർത്തിച്ചുവെന്നായിരുന്നു പൊലീസ് കുറ്റപത്രം. 228 എ 3 വകുപ്പ് പ്രകാരമായിരുന്നു കേരളാ പൊലീസിലെ സൈബർ വിഭാഗം ചാനൽ മേധാവിക്കെതിരെ കേസ് എടുത്തിരുന്നത്.